കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ലോക വനിതാ ദിനത്തിൽ നാളെ(ബുധൻ) ഉച്ചക്ക് 2 മണിക്ക് കെ.പി.കേശവ മേനോൻ ഹാളിൽ വെച്ച് ‘കരുത്തേകാം കരുതലേകാം’ ക്യാമ്പയിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യത്യസ്ത കാരണങ്ങളാൽ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടിവന്ന 25 നിർദ്ധനരായ സ്ത്രീകൾക്ക് വീട് നിർമ്മിച്ച് നൽകുകയും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 25 പേർക്ക് തൊഴിൽ പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതി സംരംഭകത്വ പുരോഗമന സൊസൈറ്റി പ്രസിഡണ്ട് പി.ജാനകി ഉദ്ഘാടനം ചെയ്യും, വീടുകളുടെ പ്രഖ്യാപനം പി.വി.റഹ്മാബി കാലിക്കറ്റ് മെനോപോസൽ സൊസൈറ്റി പ്രസിഡണ്ട് ഡോ.പി.എൻ. അജിതക്ക് നൽകിയും, തൊഴിൽ പദ്ധതികളുടെ പ്രഖ്യാപനം പീപ്പിൾ ഫൗണ്ടേഷൻ ചെയർപേഴ്സൺ സഫിയ അലി സാമൂഹിക പ്രവർത്തക നർഗീസ് ബീഗത്തിന് നൽകിയും നിർവ്വഹിക്കും. റുഖിയ റഹീം, നസ്മിന, ആശിഖ ഷെറിൻ, ഡോ.സറീന, വഹീദ അബ്ദുൽ അസീസ് ആശംസകൾ നേരും. പീപ്പിൾ ഫൗണ്ടേഷനാണ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത്. റുക്സാന.പി, സഫിയ അലി, ആർ.സി.സാബിറ, ലൈല ചേളന്നൂർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.