പ്രവാസി ലീഗ് കലക്ട്രേറ്റ് ധർണ്ണ നാളെ

കോഴിക്കോട്: ഒന്നാം പിണറായി സർക്കാർ കഴിഞ്ഞ വർഷം ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർദ്ധന നടപ്പിലാക്കുക, 2016 ഡിസംബർ 23ന് ദുബായ് സിറ്റിയിൽ വെച്ച് പ്രഖ്യാപിച്ച 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് സ്‌പെഷ്യൽ പെൻഷൻ എന്ന വാഗ്ദാനം നടപ്പിലാക്കുക, പ്രവാസി ക്ഷേമനിധിയിൽ അടച്ച അംശാദായം 60 വയസ്സ് കഴിയുമ്പോൾ തിരിച്ച് നൽകുക, പ്രവാസികൾക്കനുവദിക്കുന്ന ലോണുകൾ ബാങ്കുകളിൽ നിന്ന് ലഭ്യമാക്കാൻ സർക്കാർ ഇടപെടുക, യുക്രൈനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രവാസി ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ (ശനി) കാലത്ത് 10 മണിക്ക് കലക്ട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കാലത്ത് 17 ലക്ഷത്തോളം പ്രവാസികളാണ് മടങ്ങിയെത്തിയിട്ടുളളത്. അവരെ പുനരധിവസിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഇമ്പിച്ചമ്മുഹാജി പറഞ്ഞു. ധർണ്ണ ഇ.ടി.മുഹമ്മദ് ബഷീർ.എം.പി ഉദ്ഘാടനം ചെയ്യും. അഹമ്മദ് കുറ്റിക്കാട്ടൂർ, കാരാളത്ത് പോക്കർഹാജി, മജീദ് ഹാജി വടകര, ഹുസൈൻ കമ്മന, കെ.കെ.കോയ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *