എ.സി.മിലാൻ അക്കാദമി കേരള കോഴിക്കോട്ടും മലപ്പുറത്തും എറണാകുളത്തും പരിശീലനം ആരംഭിക്കും

കോഴിക്കോട്: ലോകത്തിലെ പ്രമുഖ ഫുട്‌ബോൾ ക്ലബ്ബായ എ.സി.മിലാൻ ഇന്റർ നാഷണൽ ഫുട്‌ബോൾ അക്കാദമിയുടെ ഇന്ത്യയിൽ ആദ്യത്തെ പരിശീലന കേന്ദ്രം കോഴിക്കോടും മലപ്പുറത്തും എറണാകുളത്തുമായി പ്രവർത്തന സജ്ജമായതായി മുഖ്യ പരിശീലകനും എ.സി.മിലാൻ ടെക്‌നിക്കൽ ഡയറക്ടറുമായ ആൽബർട്ടോ ലാക്കന്റേല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്ട് മൂഴിക്കൽ കാലിക്കറ്റ് അരീന ഫുട്‌ബോൾ ടറഫിലും, മലപ്പുറത്ത് എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിലുമായി നടക്കുന്ന പരിശീലനം മാർച്ച് 15ന് തുടങ്ങും. സംസ്ഥാനത്തെ അഞ്ചു വയസ്സു മുതൽ പതിനേഴ് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുക. കേരളത്തിലെ പുതിയ തലമുറക്ക് ലോകോത്തര നിലവാരമുള്ള പരിശീലനമാണ് എ.സി.മിലാൻ അക്കാദമിയിലൂടെ യാഥാർത്ഥ്യമാകുന്നത്. കോച്ചുകൾ, ഫിറ്റ്‌നസ് കോച്ചുകൾ, ടെക്‌നിക്കൽ കോ-ഓഡിനേറ്റർമാർ, മാച്ച് അനലിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, അധ്യാപകർ, ന്യൂട്രീഷനിസ്റ്റ് തുടങ്ങിയവരുടെ വിദഗ്ധ സേവനങ്ങളാൽ സജ്ജമാണെന്ന് എ.സി.മിലാൻ ഫുട്‌ബോൾ അക്കാദമിയുടെ കേരളത്തിലെ പ്രമോട്ടറായ കാലിക്കറ്റ് സ്‌പോർട്‌സ് സിറ്റി ഭാരവാഹികൾ പറഞ്ഞു. എ.സി.മിലാൻ കോച്ചിനൊപ്പം പരിശീലനം നേടിയ ഇന്ത്യൻ ലൈസൻസ്ഡ് കോച്ചുകൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. കണ്ണൂർ, കാസർഗോഡ്, തൃശ്ശൂർ എന്നിവിടങ്ങളിലും അക്കാദമിയുടെ പ്രവർത്തനം വ്യാപിപ്പിക്കും. പരിശീലനത്തിന് താൽപര്യമുള്ളവർ acmilankerala.com പേര് രജിസറ്റർ ചെയ്യാവുന്നതാണ്. ഫോൺ.7025005111. കാലിക്കറ്റ് സ്‌പോർട്‌സ് സിറ്റി ഭാരവാഹികളായ മിലൻ ബൈജു, എ.അബു താഹിർ, എം.പി.ജസീൽ ഗഫൂർ, ഹമീദ് ശാന്തപുരം, പി.പി.അബ്ദുൽ നാസർ, എം.പി.സുഹൈൽ ഗഫൂർ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *