ദേശീയ വിദ്യാഭ്യാസ നയം സിബിഎസ്ഇ അസോസിയേഷൻ ശിൽപശാല മാർച്ച് 3ന്

കോഴിക്കോട്: സിബിഎസ്ഇ സ്‌കൂളുകളുടെ മാനേജർമാർക്കും പ്രിൻസിപ്പൽമാർക്കുമായി കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 3ന് കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെഡിടിയിൽ ഏകദിന ശിൽപശാല നടത്തുമെന്ന് അസോസിയേഷൻ പ്രസിഡണ്ട് പ്രൊഫ.എ.കുട്ട്യാലിക്കുട്ടി, ജനറൽ സെക്രട്ടറി നിസാർ ഒളവണ്ണ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ പ്രാഥമിക തലം മുതൽ ഗവേഷണ തലം വരെയുള്ള മുഴുവൻ ഘട്ടങ്ങളിലും ഘടനാപരവും അക്കാദമികവുമായ മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും എത്തിച്ചുകൊടുക്കുക എന്നതാണ് ഈ ഏകദിന ശിൽപശാലയുടെ ഉദ്ദേശ്യം.
ജില്ലയിലുള്ള 80ലേറെ വരുന്ന സ്‌കൂളുകളുടെ മാനേജർമാരും പ്രിൻസിപ്പൽമാരും പങ്കെടുക്കുന്ന ശിൽപശാല സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ.ടി.പി.എം.ഇബ്രാഹിംഖാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ പി.എസ് രാമചന്ദ്രൻപിള്ള, സി.പി.കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുക്കും. സിബിഎസ്ഇ മാസ്റ്റർ ട്രെയിനറും തിരൂർബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പലുമായ ജോജി പോൾ ശിൽപശാലയ്ക്ക് നേതൃത്വം നൽകും. ശിൽപശാലയിൽ പങ്കെടുക്കുന്നവർ 9447283235,9947017187 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ കെ.അബ്ദുൽ ഖാദർ, പി.എസ് ഹസ്സൻകോയ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *