കോഴിക്കോട്: കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയമായ സെന്റ് ജോസഫ് ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ അതിന്റെ 230-ാം വാർഷികം ആഘോഷിക്കുകയാണ്. 1793ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കീഴിലെ ജീവനക്കാരുടെ കുട്ടികൾക്ക് പഠിക്കാനുള്ള ഒരു വിദ്യാലയമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം 1894ൽ ഈശോസഭ ഏറ്റെടുക്കുകയായിരുന്നു.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്‌കൂളിനെ ഉയർത്താൻ നിരവധി കർമ്മ പദ്ധതികൾ സ്‌കൂളിൽ നടത്തിവരുന്നുണ്ട്. ‘മിഷൻ ഗ്ലോറിയസ് സാഞ്ചോ’ എന്ന നാമധേയത്തിലുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് സ്‌കൂളിലെ 1992 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥി കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സ്‌കൂളിന്റെ അഭിമാനം ഉയർത്തിയ റിയാസിനെ അദ്ദേഹത്തിന്റെ ഹെഡ്മാസ്റ്ററായിരുന്ന ഫാദർ കല്ലേപ്പള്ളിയുടെയും, മറ്റ് പഴയകാല അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ ആദരിക്കും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഫാദർ എം.എഫ്.ആന്റോ, ഹെഡ്മാസ്റ്റർ പി.ടി.ജോണി, പിടിഎ പ്രസിഡണ്ട് അനൂപ് ഗംഗാധരൻ പങ്കെടുത്തു.