മാനുഷിക മൂല്യങ്ങളും ഭരണഘടനയും വധിക്കപ്പെടുന്നു – എം.എ.ബേബി

കോഴിക്കോട്: രാജ്യത്ത് മാനുഷിക മൂല്യങ്ങളും, ഭരണഘടനയും വധിക്കപ്പെടുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ എം.എ.ബേബി പറഞ്ഞു. അപരത്വം നിർമ്മിക്കൽ വളരെ പ്ലാനിംഗോടെ നടക്കകുകയാണ്. ഈ സന്ദിഗ്ധ ഘട്ടത്തിൽ സമൂഹത്തിന്റെ നിർവ്വികാരമായ പ്രതികരണം ഭയാനകമാണ്. ഭരണഘടനാ സംരക്ഷണ സമിതി കെ.പി.കേശവ മേനോൻ ഹാളിൽ സംഘടിപ്പിച്ച ‘മാധ്യമ സ്വാതന്ത്ര്യവും, ഇന്ത്യൻ ഭരണഘടനയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തി സ്വാതന്ത്ര്യത്തിനും, പത്ര സ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന പരിരക്ഷ ലഭിക്കുന്നില്ല. മീഡിയവൺ ചാനലിനെതിരെ നടപ്പാക്കിയ നിരോധനം ഭരണകൂട ഭീകരതയാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്നവർ തിരഞ്ഞു പിടിച്ച് കൊല നടത്തുമ്പോൾ, ഭരണകൂടങ്ങളെ സ്വാധീനിച്ച് നടപ്പിലാക്കുന്ന കിരാത നടപടികളെ ചെറുക്കാൻ വിശാലമായ മതേതര ജനാധിപത്യ പ്രസ്ഥാനം ഇന്ത്യയിൽ വളർന്നു വരണം. മീഡിയവൺ കേസിൽ ഭരണഘടന ഉദ്ധരിക്കുന്നതിന് പകരം വിധിന്യായത്തിൽ പുരാണങ്ങളെയാണ് അവലംബമാക്കിയത്. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തവർ തന്നെ അത് ലംഘിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി വധത്തിലെ ആറാം പ്രതിയായ സവർക്കറുടെ ചിത്രം ഇന്ത്യൻ പാർലമെന്റിൽ സ്ഥാപിച്ച പ്രധാന മന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. ഭരണഘടനയും നീതിന്യായ സംവിധാനവും ചോര വാർന്ന് കിടക്കുകയാണ്. ഭരണഘടനയും നീതി ദേവതയെയും സംരക്ഷിക്കാൻ വലിയ ഇടപെടൽ നടത്തേണ്ട ഘട്ടമാണിത്. എളമരം കരീം അദ്ധ്യക്ഷത വഹിച്ചു. ഡോ.ജി.മോഹൻ ഗോപാൽ (നാഷണൽ ലോ അക്കാദമി മുൻ വൈസ് ചാൻസലർ) ഓൺലൈനായി സംബന്ധിച്ചു. കെ.അജിത, എ.സജീവൻ, അലി അബ്ദുള്ള, വി.ബി.പരമേശ്വരൻ, പ്രമോദ് രാമൻ, മനില.സി.മോഹൻ, ടി.എം.ഹർഷൻ, ജോസഫ് പുന്നവേലി സംസാരിച്ചു. കെ.ടി.കുഞ്ഞിക്കണ്ണൻ സ്വാഗതവും യു.ഹേമന്ത് കുമാർ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *