ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൽജിയൻ സൂപ്പർ താരം ഏദൻ ഹസാർഡ്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം നിർണായക തീരുമാനം ആരാധകരെ അറിയിച്ചത്. പരുക്കായതിനാലാണ് ഹസാർഡ തന്റെ കരിയർ 32-ാം വയസിൽ അവസാനിപ്പിക്കുന്നത്. 2019ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്ന് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷം ഹസാർഡിന് ശോഭിക്കാനായിട്ടില്ല
‘എന്റെ കരിയറിൽ മികച്ച മാനേജർമാർക്കും പരിശീലകർക്കും താരങ്ങൾക്കുമൊപ്പം സമയം ചിലവഴിക്കാനായി. എനിക്ക് തന്ന സമയത്തിന് എല്ലാവരോടും നന്ദി. ഞാൻ ഭാഗമായ എല്ലാ ക്ലബ്ബുകളോടും നന്ദി പറയുന്നു,’ ഹസാർഡ് കൂട്ടിച്ചേർത്തു. ലിലി, റയൽ മാഡ്രിഡ്, ചെൽസി എന്നീ ക്ലബ്ബുകളിലാണ് താരം കളിച്ചിട്ടുള്ളത്.
‘എന്റെ കുടുംബം, സുഹൃത്തുക്കൾ, ഉപദേശകർ, എന്റെ നല്ല സമയത്തും മോശം സാഹചര്യത്തിലും ഒപ്പം നിന്ന എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നു. അവസാനമായി എന്നെ എല്ലാക്കാലത്തും പിന്തുണച്ച ആരാധകരോട് സ്‌നേഹം അറിയിക്കുന്നു,’ ഹസാർഡ് അവസാനിപ്പിച്ചു.
റയലിലെത്തി ആദ്യ സീസണിൽ തന്നെ താരത്തിന് പരുക്കേറ്റു. പി എസ് ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം. പിന്നീട് തുടരെ തുടരെ പരുക്ക് വേട്ടയാടിയതോടെ പകരക്കാരനായി മാത്രമായിരുന്നു കളത്തിലെത്താൻ ഹസാർഡിന് കഴിഞ്ഞത്. 2023 സമ്മറിലാണ് ഹാസാർഡ് റയൽ വിടുന്നത്. കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് താരത്തിന്റെ തീരുമാനം. ബെൽജിയത്തിനായി 126 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.
