ഗാസയ്ക്ക് മേൽ രാത്രി മുഴുവൻ ശക്തമായ ഇസ്രയേൽ ബോംബാക്രമണം

ഗാസയ്ക്ക് മേൽ രാത്രി മുഴുവൻ ശക്തമായ ഇസ്രയേൽ ബോംബാക്രമണം

നാലാം ദിവസത്തിലേക്ക് കടന്ന ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ മരണസംഖ്യ ഉയരുന്നു. ഗാസയ്ക്ക് മേൽ ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയ്ക്ക് എതിരായ സൈനിക നടപടിയിലും, ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിലും മരിച്ചവരുടെ എണ്ണം 1500 കടന്നു. ഗാസ മുനമ്പിന് പുറമെ ഇസ്രയേൽ ലബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രയേലി ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു. നിലവിലെ കണക്കുകൾ പ്രകാരം 687 പലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് തൊള്ളായിരത്തിലധികം പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി മെഡിക്കൽ സർവീസ് വിഭാഗവും അറിയിച്ചു.

ഹമാസിനെ ആക്രമിക്കാൻ തുടങ്ങിയിട്ടേയുള്ളുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞു. പശ്ചിമേഷ്യയെ തന്നെ മാറ്റാൻ പോകുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഹമാസിന് നേരിടേണ്ടി വരുന്ന കാര്യങ്ങൾ അവരുടെ വരുംതലമുറകളിൽ വരെ പ്രതിഫലിക്കും. കഠിനവും പ്രസായകരവുമായ അനുഭവമായിരിക്കും ഹമാസിന് ഉണ്ടാകുകയെന്നും നെതന്യാഹു പറഞ്ഞു.

മുന്നറിയിപ്പ് നൽകാതെ ഇസ്രയേൽ നടത്തുന്ന ഓരോ ആക്രമണങ്ങൾക്കും ബന്ദികളുടെ ജീവൻ പകരം നൽകേണ്ടി വരുമെന്നാണ് ഹമാസിന്റെ ഭീഷണി. ഒക്ടോബർ ആറിന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേൽ അതിർത്തിയായ കരുതപ്പെടുന്ന മേഖല കടന്നുകയറിയ ഹമാസ് പ്രവർത്തകർ നിരവധി പേരെ ബന്ദികളാക്കിയിരുന്നു.

ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ സയീദ്- അൽ തവീൽ, മുഹമ്മദ് സോഭ് എന്നീ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഘർഷമേഖലയിലെ മാനുഷിക സാഹചര്യങ്ങൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി. കുട്ടികൾക്കും കുടുംബങ്ങൾക്കും ജീവൻരക്ഷാ സേവനങ്ങളും അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള സുരക്ഷിത പാതകൾ ഒരുക്കേണ്ടത് ആവശ്യമാണെന്നും യുനിസെഫ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി വൈകിയും നടന്ന ആക്രമണത്തിൽ ഇസ്രയേൽ സ്വകാര്യ പലസ്തീനിയൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ ആസ്ഥാനം ബോംബിട്ട് തകർത്തിരുന്നു. ലാൻഡ്ലൈൻ ടെലിഫോൺ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങളെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. കൂടാതെ ഗാസയിലേക്കുള്ള വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയുടെ വിതരണവും ഇസ്രയേൽ പൂർണമായും തടഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *