ഇസ്രയേൽ-പലസ്തീൻ യുദ്ധം അവസാനിപ്പിക്കണം

ഇസ്രയേലും പലസ്തീനും തമ്മിലുള്ള പോരാട്ടത്തിന് നീണ്ട ചരിത്രമുണ്ട്. അത്തരം ചരിത്രത്തിലേക്ക് ഇപ്പോൾ കടക്കുന്നത് സാംഗത്യമല്ല. ലോകത്തെ മുഴുവൻ പ്രയാസപ്പെടുത്തിക്കൊണ്ടാണ് ഹമാസും ഇസ്രയേലും തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുള്ളത്. മാർപ്പാപ്പ പറഞ്ഞതുപോലെ ഭീകരവാദവും യുദ്ധവും പ്രശ്‌നങ്ങൾ പരിഹരിക്കില്ല. നിഷ്‌കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുക മാത്രമാണ് ചെയ്യുക. യുദ്ധം തോൽവിയാണ്. ഇസ്രയേലിലും, പലസ്തീനിലും സമാധാനം പുലരാനായി പ്രാർത്ഥിക്കാമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുള്ളത്. ലോകത്തുള്ള ഭൂരിപക്ഷം മനുഷ്യരും സമാധാനം ആഗ്രഹിക്കുന്നവരാണ്. എന്നാൽ സമാധാനം പുലരരുതെന്നാഗ്രഹിക്കുന്ന ചെറിയ ന്യൂനപക്ഷങ്ങളുണ്ട്. അവരിൽ ചിലർ രാജ്യങ്ങളുടെ ഭരണാധികാരികളായി വരുമ്പോൾ അവർ യുദ്ധങ്ങൾക്ക് കോപ്പ് കൂട്ടും. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ഇക്കാലയളവിൽ ഒട്ടേറെ നിരപരാധികളായ മനുഷ്യരും സൈനികരും ഇരു രാജ്യങ്ങൾക്കും നഷ്ടപ്പെടുകയുണ്ടായി. ജനങ്ങൾ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെട്ടു എന്നതല്ലാതെ റഷ്യ-യുക്രൈൻ യുദ്ധം കൊണ്ട് എന്ത് നേട്ടമാണുണ്ടായത്. നിഷ്‌കളങ്കരായ കുട്ടികളടക്കം യുദ്ധങ്ങളിൽ കൊല്ലപ്പെടുമ്പോൾ എങ്ങനെയാണ് നിലവിളിക്കാതിരിക്കാനാവുക. ശനിയാഴ്ച രാവിലെ ഹമാസ് ആരംഭിച്ച ആക്രമണത്തിലൂടെ നൂറുകണക്കിന് പലസ്തീൻകാരും, ഇസ്രയേലുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ലോക രാഷ്ട്രങ്ങൾ പ്രശ്‌ന പരിഹാരത്തിനാണ് ഉടൻ ശ്രമിക്കേണ്ടത്, അല്ലാതെ ഏതെങ്കിലും ഒരു രാജ്യത്തിന് പ്രത്യേക പിന്തുണയും ആയുധങ്ങളും നൽകുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ ദുരിതം വിതക്കും. യുദ്ധം എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടനയും, വൻശക്തികളും ഇടപെടണം. സമാധാന പൂർണ്ണമായ ഒരു സാഹചര്യം സൃഷ്ടിക്കാൻ എല്ലാവരും യോജിക്കുകയും, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുകയും വേണം.

Share

Leave a Reply

Your email address will not be published. Required fields are marked *