ഇ ഡി സുപ്രീം കോടതി നിരീക്ഷണം പരിശോധിക്കണം

രാജ്യത്തിന്റെ സാമ്പത്തിക ഘടന തകർക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ, വിദേശ നാണ്യ ചട്ടങ്ങളുടെ ലംഘനം എന്നിവ കണ്ടുപിടിച്ച് വിധ്വംസക ശക്തികളെ പിടികൂടുന്നതിനുള്ള സംവിധാനമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ സംവിധാനം ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കേണ്ടത് രാജ്യത്തിന്റെ ഭദ്രതക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രതിപക്ഷ പാർട്ടികളെല്ലാം ഇ ഡി യുടെ പ്രവർത്തന രീതിയെ നഖശിഖാന്തം എതിർക്കുകയാണ്. കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ ഇ ഡി.യെ ഉപയോഗിച്ച് കള്ളക്കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്യിക്കുന്നു എന്നതാണ് പ്രധാന ആരോപണം. ആരോപണം നിലനിൽക്കെ തന്നെ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ നേരെ ഇ ഡി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ, അറസ്റ്റ്, റെയ്ഡ്, പിന്നീട് ജയിൽവാസം എല്ലാം കാണുമ്പോൾ ഇ ഡി സംശയത്തിന്റെ നിഴലിലാവുകയാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട റിയൽ എസ്റ്റേറ്റ് വ്യവസായികളായ പങ്കജ് ബൻസലിനും, ബസന്ത് ബൻസലിനും ജാമ്യമമനുവദിച്ചുകൊണ്ട് സുപ്രീം കോടതി കടുത്ത ഭാഷയിലാണ് ഇ ഡിക്കെതിരെ വിമർശനമുന്നയിച്ചിട്ടുള്ളത്. കേസിൽ അറസ്റ്റ് ചെയ്യുമ്പോൾ കാരണം പ്രതികൾക്ക് രേഖാമൂലം നൽകാത്തത് ഇ ഡിയുടെ പ്രവർത്തന ശൈലിയുടെ പരാജയമാണെന്നാണ് കോടതി വിലയിരുത്തിയത്. ഇ ഡിയുടെ പ്രവർത്തനം പ്രതികാര ബുദ്ധിയോടെയാവരുതെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിച്ചു എന്നും അഴിമതി നടത്തിയെന്നും ആരോപിച്ച് പല രാഷ്ട്രീയ നേതാക്കളും ഇ ഡി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് ഇപ്പോൾ ജയിലിൽ കഴിയുന്നുണ്ട്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭരണം മാറി മാറി വരും. അതൊന്നും രാജ്യത്ത് നീതിയും ന്യായവും നടപ്പാക്കേണ്ട അന്വേഷണ ഏജൻസികളെ ബാധിക്കരുത്. കേരളത്തിൽ ഇപ്പോൾ ചിലയിടങ്ങളിൽ ഉയർന്ന് വന്ന സഹകരണ മേഖലയിലെ ക്രമക്കേടുകളിൽ ഇ ഡിയെടുക്കുന്ന സമീപനവും വിമർശനങ്ങളായി ഉയർന്നു വരുന്നുണ്ട്. സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തിയവർ എത്ര കൊമ്പൻമാരായാലും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയും, പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ കിട്ടാനും, പണം ദുർവിനിയോഗം ചെയ്തവരിൽ നിന്ന് അത് തിരിച്ച് പിടിക്കാനും ശക്തമായ നടപടികൾ എടുത്തുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഇ ഡി പെട്ടെന്ന് കയറി അന്വേഷണം നടത്തുകയും, അറസ്റ്റടക്കമുള്ള നടപടികളും ഭീകരാന്തരീക്ഷവും സൃഷ്ടിക്കുകയാണെന്ന് ശക്തമായ ആക്ഷേപം ഉയർന്നു വരുന്നുണ്ട്. കേരളത്തിന്റെ പുരോഗതിയുടെ അടിത്തറയാണ് സഹകരണ മേഖല. സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് നാടിനെ സ്‌നേഹിച്ച പൂർവ്വ സൂരികൾ ഐക്യ നാണയ സംഘങ്ങളായി ആരംഭിച്ച് വളർന്ന് പന്തലിച്ച് ജീവിതത്തിന്റെ സമസ്ത മേഖലകളിലും മനുഷ്യർക്ക്് ഉപകാരപ്പെടുന്ന ഒരു മേഖലയാണ് കേരളത്തിലെ സഹകരണ മേഖല. ആ മേഖലയിലുള്ള ലക്ഷക്കണക്കിന് കോടികളുടെ നിക്ഷേപം ഇവിടുത്തെ ജനങ്ങളുടെ പണമാണ്. അത്രക്കും സുശക്തമായ സഹകരണ മേഖലയെ തകർക്കാൻ കുറച്ച് കാലങ്ങളായി ചില ശക്തികൾ ശ്രമിച്ചുവരികയാണ്. അതിന് സഹായകരമായ നടപടികൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതംഗീകരിക്കാൻ സാധ്യമല്ല. ഒരു സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയിൽ ഇടപെടുമ്പോൾ കേന്ദ്ര ഏജൻസികൾ കുറേക്കൂടി വരുംവരായ്കകൾ ആലോചിക്കണം. ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് പേരാണ് തൊഴിലെടുത്ത് കുടുംബം പുലർത്തുന്നത്. ഈ സ്ഥാപനങ്ങൾ തകർന്നാൽ വഴിയാധാരമാകുന്ന കുടുംബങ്ങളുടെ കണ്ണീർ ആരൊപ്പും. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ പാർട്ടികളുടെ കോടാലി കൈകൾ ആകരുത്. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവ ത്യാഗം ചെയ്തവർ ഭാരതീയർ നന്നായി ജീവിക്കാനാണ് പടപൊരുതിയത്. അതിന് വിഘാതം സൃഷ്ടിക്കുന്ന നടപടികൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതംഗീകരിക്കാനാവില്ല. നീതിയും, നിയമവും തുല്യമാവുമ്പോഴേ പൗരന് ജനാധിപത്യം അർത്ഥപൂർണ്ണമാവൂ. ഈ ദിശയിലാവണം നമ്മുടെ സംവിധാനങ്ങളുടെ പ്രവർത്തനവും.

Share

Leave a Reply

Your email address will not be published. Required fields are marked *