കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യാലയവും ഭാരത സർക്കാർ സാംസ്കാരിക മന്ത്രാലയവും സംഘടിപ്പിക്കുന്ന വിജ്ഞാൻ സർവ്വേ്രത പൂജ്യതേ എന്ന ശാസ്ത്ര സാങ്കേതിക വിദ്യാവാരം 22 മുതൽ 28 വരെ കുന്നമംഗലം സിഡബ്ല്യുആർഡിഎമ്മിൽ നടക്കും. 22ന് കാലത്ത് 10 മണിക്ക് സിഡബ്ല്യുആർഡിഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് എൻഐടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രശസ്തരായ ഡോ.ഇ.ജെ.ജെയിംസ്, ഡോ.ആർ.വി.ജി.മേനോൻ, വി.എസ്.രാമചന്ദ്രൻ, ഡോ.പി.കെ.രവീന്ദ്രൻ, സി.രാധാകൃഷ്ണൻ, ഡോ.മുരളി തുമ്മാരുകുടി, ഡോ.സി.അനന്തകൃഷ്ണൻ, ഡോ.എ.ആർ.എസ്. മേനോൻ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും. പുസ്തക മേള, ഫിലിം പ്രദർശനം, കോളേജ് വിദ്യാർത്ഥികൾക്കായി സംവാദ മൽസരം, സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മൽസരം, സയൻസ് മോഡൽ മൽസരം, ക്വിസ് മൽസരം എന്നിവയും നടക്കും. 28ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ സമാപന ചടങ്ങ് ഉൽഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് സാമുവൽ, ഡോ.അംബിക പങ്കെടുത്തു.