കെ.പി.ഉമ്മർ പുരസ്‌കാര സമർപ്പണം ഒക്ടോബർ 29ന്

കെ.പി.ഉമ്മർ പുരസ്‌കാര സമർപ്പണം ഒക്ടോബർ 29ന്

കണ്ണൂരിലെ എയറോസിസ് കോളേജിന്റെ സഹകരണത്തോടെ മലയാള ചലച്ചിത്ര സൗഹൃദവേദിയും കെ.പി.ഉമ്മർ അനുസ്മരണവേദിയും സംയുക്തമായി നടത്തുന്ന ചലച്ചിത്രനടൻ കെ.പി.ഉമ്മർ അനുസ്മരണവും പുരസ്‌കാര സമർപ്പണവും 2023 ഒക്ടോബർ 29 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കും. മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര ടെലിവിഷൻ നാടക സംഗീത സാഹിത്യ മാധ്യമ മേഖലകളിലെ 18 പേർക്കാണ് അവാർഡ്. ചലച്ചിത്രനടനും തിരക്കഥാകൃത്തും നോവലിസ്റ്റുമായ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. സിബി തോമസ്, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും അധ്യാപകനും പടന്ന ഗ്രാമപഞ്ചായത്ത് അംഗവുമായ നടൻ പി.പി.കുഞ്ഞികൃഷ്ണൻ, കവിയും ഗാനരചയിതാവും കഥാകൃത്തുമായ കണ്ണൂർ ജില്ലാ (റൂറൽ) അഡീഷനൽ സൂപ്രണ്ട് ഓഫ് പോലീസ് ടി.പി.രഞ്ജിത്ത് പത്മനാഭൻ, എഴുപതോളം സാഹിത്യ പുസ്തകങ്ങളുടെ രചയിതാവും നാടകകൃത്തും കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ബേപ്പൂർ മുരളീധര പണിക്കർ എന്നിവരെയാണ് ബഹുമുഖ പ്രതിഭാപുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്.

മാതൃഭൂമി ന്യൂസ് ടി.വി. ന്യൂസ് എഡിറ്റർ ഡോക്ടർ ജി.പ്രസാദ് കുമാർ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാവായ സംവിധായകൻ ഷെരീഫ് ഈസ, ചന്ദ്രിക ദിനപത്രം സീനിയർ റിപ്പോർട്ടർ ഫൈസൽ മാടായി, കണ്ണൂർ മീഡിയ എഡിറ്റർ ശിവദാസൻ കരിപ്പാൽ, ഗായകനും സംഗീതസംവിധായകനുമായ പ്രിയേഷ് പേരാവൂർ എന്നിവർക്ക് പ്രതിഭാ പുരസ്‌കാരങ്ങളും, സംസ്ഥാന ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ തിങ്കളാഴ്ച നിശ്ചയം സിനിമയിൽ മികച്ച അഭിനയം കാഴ്ച്ചവച്ച നടി അജിഷ പ്രഭാകരൻ, സിനിമയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്ന മികച്ച വാർത്തകൾ തയ്യാറാക്കിയ മലയാള മനോരമ കണ്ണൂർ റിപ്പോർട്ടർ ദീപ്തി പെല്ലിശേരി എന്നിവർക്ക് യുവപ്രതിഭാ പുരസ്‌കാരങ്ങളും സമ്മാനിക്കും.

പ്രൊഫസർ കെ.പി.മാത്യു (മികച്ച നോവൽ: ഒറ്റാൾ), ഡോക്ടർ ശശികല പണിക്കർ (ഓർമ്മക്കുറിപ്പുകൾ: ഓർമ്മച്ചെപ്പ്), തെക്കിനപ്പുരയിൽ തമ്പാൻ മേലാചാരി (ബാലസാഹിത്യം: പഴമയിലെ പുതുമകൾ – പ്രാന്തംചാലിലെ കിട്ടൻ) എന്നിവർക്കാണ് സാഹിത്യ പുരസ്‌കാരങ്ങൾ. മികച്ച ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർ: ചലച്ചിത്രനടൻ കൂടിയായ റിയാസ് കെ.എം.ആർ. (കേരളവിഷൻ). മികച്ച ന്യൂസ് റീഡർ: കൃഷ്‌ണേന്ദു എം ഭാസ്‌കരൻ (കണ്ണൂർവിഷൻ). മികച്ച ഷോർട്ട് ഫിലിം: ഔട്ട് ഓഫ് സിലബസ് (നിർമ്മാണം: കണ്ണൂർ കോർപ്പറേഷൻ. സംവിധായകൻ: ജലീൽ ബാദുഷ). മികച്ച വീഡിയോ ആൽബം: കലിയൻ (നിർമ്മാണവും സംവിധാനവും ഗിരീഷ് പെരുവയൽ).

ബേപ്പൂർ മുരളീധര പണിക്കരുടെ എഴുപതാമത്തെ പുസ്തകമായ ശിലയുടെ നിഴൽ രൂപം നോവൽ വേദിയിൽ പ്രകാശനം ചെയ്യും. കണ്ണൂരിലെ പ്രമുഖ ഡോക്ടർമാരും പ്രശസ്ത ഗായകരുമായ ചലച്ചിത്ര സംഗീതസംവിധായകൻ സി.വി.രഞ്ജിത്ത്, ശ്രീജിത്ത് എം.ഒ., കവിത രംഗൻ, ഷാർമിൾ ഗോപാൽ പി., രവി ആർ.വി. എന്നിവർ നയിക്കുന്ന മൗത്ത് ഓർഗൻസ് മ്യൂസിക് ടീമിന്റെ ദൃശ്യ സംഗീത വിരുന്നും ഉണ്ടായിരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *