ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ ശിൽപി  എം.എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ ശിൽപി എം.എസ് സ്വാമിനാഥൻ അന്തരിച്ചു

ചെന്നൈ: ഇന്ത്യൻഹരിതവിപ്ലവത്തിന്റെ ശിൽപിയും പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് അന്ത്യം. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ബോർലോഗ് അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ 33-ലധികം സർവകലാശാലകൾ അദ്ദേഹത്തിന് ഓണററി ബിരുദം നൽകിയിട്ടുണ്ട്. ഡൽഹി യൂണിവേഴ്‌സിറ്റിയും ബനാറസ് ഹിന്ദു സർവകലാശാലയും അദ്ദേഹത്തെ ആദരിച്ചു. 11 വിദേശ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ജർമ്മനി, ഇറ്റലി, നെതൽലാൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ പ്രശസ്തമായ ഒൻപത് ശാസ്ത്ര അക്കാദമികളും ലോകത്തിലെ പ്രശസ്തമായ 29 അക്കാദമികളും വിശിഷ്ട അംഗത്വം നൽകിയിട്ടുണ്ട്. ഭാരതത്തിന്റെ മാത്രമല്ല ലോകത്തിന്റെ വിശപ്പകറ്റുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തികളാണ് ഈ അംഗീകാരങ്ങൾ അദ്ദേഹത്തിലേക്ക് എത്തിച്ചത്.

28 ലധികം ദേശീയ കമ്മീഷനുകളുടെ അധ്യക്ഷനായ അദ്ദേഹത്തിന്റെ കീഴിൽ 100 ഓളം വിദ്യാർത്ഥികൾ ഡോക്ടടറേറ്റ് നേടിയിട്ടുണ്ട്. ഏതാണ്ട് 1000ഓളം ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. 30ൽ പരം പുസ്തകങ്ങളും 200ൽ പരം പ്രസിദ്ധമായ പ്രസംഗങ്ങളും വരും തലമുറയ്ക്ക് പഠിക്കാനായി ലഭ്യമാണ്. സാർവദേശീയമായി ശ്രദ്ധിക്കപ്പെടുന്ന അമേരിക്കൻ ടൈം 20ാം നൂറ്റാണ്ടിൽ ലോകത്തെ സ്വാധീനിച്ച 20 ഏഷ്യക്കാരെ തെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽ നിന്ന് മൂന്നാം സ്ഥാനം നേടിയത് സ്വാമിനാഥനാണ്. ആദ്യത്തെ രണ്ടുപേർ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയും രണ്ടാമത്തേത് നൊബേൽ സമ്മാനം നേടിയ കവി രബീന്ദ്രനാഥ ടാഗോറുമാണെന്നതാണ് ആ അംഗീകരാത്തിന്റെ മികവ് മനസിലാക്കി തരുന്നത്.

ഡോക്ടർ സി.വി. രാമന്റെ അനുഗ്രഹവും അഭിനന്ദനവും സ്വായത്താക്കിയ സ്വാമിനാഥനെ തേടി കൃഷിരത്‌ന പുരസ്‌കാരവും എത്തിയിട്ടുണ്ട്. രാജ്യത്തെ അതിവിശിഷ്ട വ്യക്തികളുടെ വിഭാഗത്തിൽ രാജ്യസഭാംഗമായി തിരഞ്ഞെടുത്തും അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്. ‘പട്ടിണിയാണ് ദാരിദ്ര്യത്തിന്റെ ഭീകരരൂപം, അതിനാൽ പട്ടിണിയില്ലാത്ത ഒരു ഇന്ത്യയുടെയും ലോകത്തിന്റെയും സൃഷ്ടിക്കായി ഞാൻ എന്റെ അദ്ധ്വാനം സമർപ്പിക്കുന്നു -എന്നാണ് സ്വാമിനാഥൻ തന്റെ ജീവചരിത്രത്തിൽ പറഞ്ഞത്.
1966 ൽ മെക്‌സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ കാലാവസ്ഥക്ക് അനുയോജ്യമാക്കി മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു. ഇത് സ്വാമിനാഥനെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻറെ പിതാവാക്കി.

സ്വാമിനാഥന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. ഡോ.മങ്കൊമ്പ് കെ.സാംബശിവൻറെയും തങ്കത്തിൻറെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്ത് 1925 ആഗസ്ത് 7നാണ് ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് തറവാട്.

കുംഭകോണത്തുനിന്നും പത്താംക്ലാസ്സ് പഠനം പൂർത്തിയാക്കിയ സ്വാമിനാഥൻ 1940ൽ തിരുവനന്തപുരത്ത് മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളജ്) ജന്തുശാസ്ത്രത്തിൽ ബിരുദപഠനത്തിന് ചേർന്നു. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടി.കാർഷികപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം കൃഷി വരുമാനമാർഗ്ഗമാക്കണമെന്നതിലുപരി, അനേകായിരം കുടുംബങ്ങൾക്ക് വരുമാനം നൽകുന്ന തരത്തിൽ ഒരു ശാസ്ത്രവും സങ്കേതവുമാക്കാനുള്ള ആഗ്രഹവുമായി കോയമ്പത്തൂർ കാർഷിക കോളജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർ പഠനം നടത്തി. മീന സ്വാമിനാഥനാണ് ഭാര്യ. നിത്യ, സൗമ്യ, മധുര എന്നിവർ മക്കളാണ്. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രൻ മരുമകനാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *