അരവിന്ദാക്ഷന്റെ അറസ്റ്റ് സഹകരണ പ്രസ്ഥാനത്തെ ഇല്ലായ്മചെയ്യാനുള്ള അജണ്ട എം.എം. വർഗീസ്

അരവിന്ദാക്ഷന്റെ അറസ്റ്റ് സഹകരണ പ്രസ്ഥാനത്തെ ഇല്ലായ്മചെയ്യാനുള്ള അജണ്ട എം.എം. വർഗീസ്

തൃശ്ശൂർ: കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള റെയ്ഡുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്.ബിജെപി സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ അറസ്റ്റെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമ്മിന്റെ പ്രവർത്തകരേയും നേതാക്കളേയുമൊക്കെ ഇ.ഡി. വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും പലരുടേയും പേര് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് ഇ.ഡി വലിച്ചിഴയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ്- സംഘപരിവാർ ശക്തികളാണ് ഇതിനുപിന്നിലെന്നും യുഡിഎഫ് നേതൃത്വം ആർഎസ്എസിനൊപ്പമാണെന്നും എം.എം.വർഗീസ് കുറ്റപ്പെടുത്തി.
ഏതന്വേഷണവുമായും സഹകരിക്കണമെന്ന നിലപാടാണ് സി.പി.എം. എടുത്തിട്ടുള്ളത്. ഒളിച്ചോടുന്ന പ്രശ്നമില്ലെന്നും എ.സി. മൊയ്തീനും എം.കെ. കണ്ണനും അന്വേഷണത്തിൽ ഇഡിയുമായി സഹകരിച്ചതായും വർഗീസ് പറഞ്ഞു. ഗൂഢാലോചനക്കെതിരെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധിക്കുമെന്നും നിയമപരമായി ഇതിനെ എങ്ങനെ ചെറുക്കാൻ കഴിയുമെന്നതാണ് നിലവിൽ സി.പി.എം. ആലോചിക്കുന്നതെന്നും വർഗീസ് കൂട്ടിച്ചേർത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *