കാലിക്കറ്റ് പ്രസ് ക്ലബ്  പി. ഉണ്ണികൃഷ്ണൻ അവാർഡ്  ഡോ. ജി. പ്രസാദ്കുമാറിന്

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണൻ അവാർഡ് ഡോ. ജി. പ്രസാദ്കുമാറിന്

കോഴിക്കോട്: 2022 ലെ മികച്ച ടെലിവിഷൻ ജനറൽ റിപ്പോർട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണൻ അവാർഡിന് മാതൃഭൂമി  ന്യൂസിൽ ന്യൂസ് എഡിറ്ററായ ഡോ. ജി. പ്രസാദ് കുമാർ അർഹനായി. പി.ടി.ഐ. ജനറൽ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേർന്ന് ഏർപ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്.
2022 നവംബർ 14 ന് മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്ത ‘വെളിച്ചെണ്ണയിലെ വിഷപ്പുക’ എന്ന വാർത്തക്കാണ് പുരസ്‌കാരം. കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്നുവരുന്ന വെളിച്ചെണ്ണയിൽ മായം മാത്രമല്ല, വിഷവും കലരുന്നുണ്ട് എന്നതാണു വാർത്തയുടെ കാതൽ.
   മുതിർന്ന മാധ്യമപ്രവർത്തകരായ എം പി ബഷീർ, കെ പി രമേഷ്, കാലിക്കറ്റ് സർവ്വകലാശാല ജേണലിസം-മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ.ലക്ഷ്മി പ്രദീപ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ നിർണയിച്ചത്. ഒക്ടോബറിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാർത്താ കുറിപ്പിൽ അറിയിച്ചു.
ഡോ. ജി. പ്രസാദ് കുമാർ 24 വർഷമായി മാധ്യമ പ്രവർത്തന രംഗത്തുണ്ട്. പാലക്കാട് ജില്ലയിലെ മുതലമട സ്വദേശിയാണ്. 1999-ൽ മാതൃഭൂമി പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം തുടങ്ങിയത്. 2004-ൽ അമൃത ടി.വിയിൽ ചേർന്നു. 2012 മുതൽ മാതൃഭൂമി ന്യൂസിൽ. ഇപ്പോൾ തിരുവനന്തപുരത്ത് ന്യൂസ് എഡിറ്റർ. സംസ്ഥാന സർക്കാറിന്റെ ഡോ. ബി. ആർ. അംബേദ്കർ സ്മാരക പുരസ്‌കാരം,  പ്രേം നസീർ പുരസ്‌കാരം, കെ. എസ്. ഇ. ബി പ്രഥമ ദൃശ്യ മാധ്യമ പുരസ്‌കാരം, കൊല്ലം പ്രസ് ക്ലബിന്റെ ആര്യാട് ഗോപി സ്മാരക പുരസ്‌കാരം,
കലാ കൈരളി പുരസ്‌കാരം, കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
2017 ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് സംസ്‌കാര പഠനത്തിൽ പി.എച്ച്.ഡി. ലഭിച്ചു. ഭാര്യ: ഡോ.എസ്.നിസി, കോയമ്പത്തൂർ ശ്രീനാരായണ ഗുരു കോളേജിലെ മൈക്രോ ബയോളജി വിഭാഗം മേധാവിയാണ്. നിവേദിത, നന്ദിത എന്നിവർ മക്കൾ.
Share

Leave a Reply

Your email address will not be published. Required fields are marked *