അമ്മയ്ക്കും മകൾക്കും സ്വർണ്ണ പതക്കം

അമ്മയ്ക്കും മകൾക്കും സ്വർണ്ണ പതക്കം

ചാലക്കര പുരുഷു

 

തലശ്ശേരി: അമ്മ ജിഷ മകൾ അർപ്പിതക്ക് മുലപ്പാലിനൊപ്പംപകർന്ന് നൽകിയതാണ് സ്‌പോട്‌സിനോടുള്ള അഭിനിവേശം. തലശേരിയിൽ നടന്ന ജില്ലാ അത്ലറ്റിക് മീറ്റിൽ ഹാമർത്രോയിൽ അണ്ടർ 18 വിഭാഗത്തിൽ അർപ്പിത സ്വർണം നേടിയപ്പോൾ, അമ്മ ജിഷ വടവതി വനിതാ വിഭാഗത്തിലും സ്വർണം നേടി. ജിഷക്ക് ഡിസ്‌കസ് ത്രോയിൽ. രണ്ടാം സ്ഥാനവും ലഭിച്ചു.
28 മീറ്റർ എറിഞ്ഞാണ് പ്ലസ്ടു വിദ്യാർഥിനിയായ അർപ്പിത ഹാമർത്രോയിൽ ഒന്നാമതെത്തിയത്. രണ്ടാം ക്ലാസ് മുതൽ പിണറായി വെസ്റ്റ് ബേസിക് യുപി സ്‌കൂളിൽനിന്ന് ജിഷ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. അത്ലറ്റിക്‌സിലും കബഡിയിലും സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കണ്ണൂർ സർവകലാശാല കായികമേളയിൽ അത്ലറ്റിക്‌സിൽ റെക്കോഡും കുറിച്ചു.
ബ്രണ്ണൻ കോളേജിലും എസ് എൻ കോളേജിലും പഠിക്കുമ്പോൾ കബഡി ടീം ക്യാപ്റ്റനായിരുന്നു. ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ ഇനങ്ങളിലായിരുന്നു പങ്കെടുത്തത്. മമ്പറം ഇന്ദിരാഗാന്ധി സ്‌കൂൾ ഗ്രൗണ്ടിൽ എം ഫിറ്റ്‌നസ് എന്ന പേരിൽ അറുപതിലധികം കുട്ടികൾക്ക് രാവിലെയും വൈകിട്ടും ജിഷ സൗജന്യ കായിക പരിശീലനം നൽകുന്നുണ്ട്.
അർപ്പിതക്ക് ചെറുപ്പത്തിൽ ക്രിക്കറ്റിനോടായിരുന്നു താൽപ്പര്യം. പിന്നീട് ഫെൻസിങ്ങിനോടായി. 2019 ൽ ഫെൻസിങ്ങിൽ സംസ്ഥാന തലത്തിൽ വെള്ളി നേടിയിരുന്നു. ഈ അടുത്താണ് അത്ലറ്റിക്‌സിനോട് അടുപ്പം ഉണ്ടാകുന്നത്. ചെറിയ സമയത്തെ പരിശീലനം കൊണ്ട് ഹാമർത്രോയിൽ സ്വർണവും നേടി.
മലേഷ്യയിൽ ജോലി ചെയ്യുന്ന അണ്ടലൂർക്കടവിൽ അർപ്പിതത്തിൽ സന്തോഷ് കുമാറാണ് ജിഷയുടെ ഭർത്താവ്. പിണറായി എ കെ ജി ഹയർസെക്കൻഡറി സ്‌കൂളിലെ കൊമേഴ്‌സ് രണ്ടാംവർഷവിദ്യാർഥിനിയാണ് അർപ്പിത. പെൺകുട്ടികളിൽ കായിക മേഖലയോട് താൽപ്പര്യമുണ്ടാക്കാൻ, സ്വന്തം മകളോടെന്ന പോലെ ജിഷ പ്രോത്സാഹിപ്പിക്കുമ്പോൾ, മകൾ അർപ്പിത കായിക മേഖലയുടെ ആകാശങ്ങളിലേക്ക് പറന്നുയരാൻ കഠിനയത്‌നം നടത്തുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *