കോഴിക്കോട്: കേന്ദ്ര സർക്കാർ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ ആവശ്യപ്പെട്ടു. കേരളത്തിലെ മാധ്യമ പ്രവർത്തകർ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരാണ്. മീഡിയവണ്ണിനെതിരായ നടപടി മാധ്യമ ലോകത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വെല്ലുവിളിയാണ്. മാധ്യമ സ്വാതന്ത്ര്യമില്ലെങ്കിൽ ഏകാധിപത്യം വളരുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. മീഡിയവൺ ചാനലിനെതിരായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, കമാൽ വരദൂർ, പി.ടി.നിസാർ, ജിനേഷ് പൂനത്ത്, കെ.സി.റിയാസ്, ഇ.പി.മുഹമ്മദ്, എം.പി.പ്രശാന്ത്, പി.വി.ജിജോ, പ്രസംഗിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി.എസ് രാഗേഷ് സ്വാഗതവും, വൈസ് പ്രസിഡണ്ട് കിരൺ പി.എൽ നന്ദിയും പറഞ്ഞു.