ചികിത്സാപിഴവിനെതിരെ അന്വേഷണം മുഖ്യമന്ത്രി നിർദ്ദേശം നൽകി

ചികിത്സാപിഴവിനെതിരെ അന്വേഷണം മുഖ്യമന്ത്രി നിർദ്ദേശം നൽകി

കോട്ടയം: കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സാപിഴവുണ്ടായി എന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനായ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. പരാതി അന്വേഷണത്തിന് കോട്ടയം പോലീസിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും തന്നെ അറിയിച്ചതായി പരാതിക്കാരനായ എബി ജെ ജോസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ജൂലൈ 27 ന് രൂക്ഷമായ കിഡ്നി സ്റ്റോൺ അസുഖത്തെത്തുടർന്നാണ് എബി ജെ ജോസ് കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സക്കായി എത്തിയതെന്നു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു. എസ് എച്ച് മെഡിക്കൽ സെന്ററിലെ യൂറോളജിസ്റ്റായ ഡോ മനു വി എസിന്റെ കീഴിലാണ് യൂറിറ്റോറെനോസ്‌കോപ്പി (യു ആർ എസ് )ക്കു വിധേയനായത്. സർജറിക്കുശേഷം രണ്ടു ദിവസത്തിനുള്ളിൽ അസുഖം ഭേദമായി വീട്ടിൽ പോകാമെന്ന് ഡോക്ടർ പറഞ്ഞിരുന്നതായി എബി ജെ ജോസ് പരാതിയിൽ പറയുന്നു. എന്നാൽ പിറ്റേന്നു മുതൽ ഇടതു വശത്ത് അടിവയറ്റിൽ അതിശക്തമായ വേദന ആരംഭിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ചിലർക്കു വേദന വരാറുണ്ടെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. തുടർന്നു വേദനാസംഹാരിയും ആന്റിബയോട്ടിക്കുകളും നൽകി. എന്നിട്ടും വേദനയ്ക്കു കുറവുണ്ടായില്ല. പരസഹായം കൂടാതെ കട്ടിൽനിന്നും എണീറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലേയ്ക്ക് മാറി. ഇടതുകാൽ നിലത്തു കുത്താൻ പറ്റാതെയും വന്നു. ഈ വിവരങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സി ടി സ്‌കാനിനു വിധേയനാക്കി. അതിന്റെ റിപ്പോർട്ടുപ്രകാരം പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞ ഡോക്ടർ കുത്തിവയ്പ്പ് തുടരാൻ നിർദ്ദേശം നൽകി. ക്രിയാറ്റിന്റെ നില അപകടകരമാംവിധം1.9 എന്ന നിലയിൽ തുടർന്നു. ഏഴു ദിവത്തോളം വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും നൽകിയെങ്കിലും അസുഖം മൂർച്ഛിക്കുകയാണുണ്ടായത്. തുടർന്ന് അവിടെ നിന്നും ആഗസ്റ്റ് 2 ന് ഡിസ്ചാർജ് വാങ്ങി അന്നേദിവസം തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ യൂറോളജിസ്റ്റ് ഡോ വിജയ് രാധാകൃഷ്ണന്റെ ചികിത്സാസഹായം തേടി. അവിടെ പരിശോധിച്ചപ്പോൾ സ്റ്റെന്റ് സ്ഥാപിച്ചിരിക്കുന്നത് ശരിയായ രീതിയിൽ അല്ലാ എന്നും മൂത്രനാളിയിലുണ്ടായ ക്ഷതത്തിലൂടെ മൂത്രം വയറ്റിലേയ്ക്ക് ലീക്ക് ചെയ്യുന്നതാണ് പ്രശ്നമെന്നും അപകടകരമായ അവസ്ഥയാണെന്നും പറഞ്ഞു. തുടർന്നു അവിടെ അഡ്മിറ്റാക്കിയ ശേഷം ഇൻജക്ഷൻ സിടി, എക്കോ തുടങ്ങിയ നിരവധി പരിശോധനകൾ നടത്തിയശേഷം 5 ന് യു ആർ എസ് സർജറിക്കു വിധേയനാക്കി. എസ് എച്ച് മെഡിക്കൽ സെന്ററിൽ നിന്നും സ്ഥാപിച്ച സ്റ്റെന്റ് മാറ്റി പകരം സ്റ്റെന്റ് കൃത്യമായി സ്ഥാപിച്ചതോടെ വേദനകൾ കുറയാൻ തുടങ്ങി. ക്രിയാറ്റിൻ നില ഒന്നിലേയ്ക്ക് താഴുകയും ചെയ്തു. പിന്നീട് ഇക്കഴിഞ്ഞ 13 മാർസ്ലീവാ മെഡി സിറ്റിയിൽ അഡ്മിറ്റായി സ്റ്റെന്റ് നീക്കം ചെയ്തു. ട്യൂബിൽ നീക്കം ചെയ്യാനാവാത്തവിധം സ്റ്റോണിന്റെ ഒരു ഭാഗം തറച്ചു കയറിയിട്ടുണ്ടെന്ന്
സ്‌കാനിംഗിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു തുടർച്ചയായി നിരീക്ഷണം വേണമെന്ന നിർദ്ദേശമാണ് ഡോക്ടർമാർ നൽകിയിരിക്കുന്നത്.

കോട്ടയം എസ് എച്ചിൽ സർജറി കഴിഞ്ഞിട്ടും വേദനയിൽ മാറ്റമില്ലാതെ വന്നപ്പോൾ വീണ്ടും 5 ദിവസം ചികിത്സ നടത്തി. അവിടെ നിന്നും ഡിസ്ചാർജ് ചെയ്ത അന്നു തന്നെ മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്മിറ്റാകുകയും ആദ്യത്തെ സ്റ്റെന്റ് മാറ്റി പകരം ഇടുകയും ചെയ്തിട്ടുണ്ട്. രണ്ട് ആശുപത്രികളിലെയും ഡിസ്ചാർജ് സമ്മറി നോക്കിയാൽ ചികിത്സാ പിഴവ് കണ്ടെത്താനാകുമെന്ന് എബി ജെ ജോസ് പറഞ്ഞു. സി ടി സ്‌കാൻ എടുത്തശേഷവും ഡോക്ടർ മനു പ്രശ്നമില്ലെന്നു പറയുകയുണ്ടായി. എസ് എച്ച് മെഡിക്കൽ സെന്ററിലെ സി ടി സ്‌കാൻ റിപ്പോർട്ടും സി ഡി യും പരിശോധിച്ചശേഷമാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ വിജയ് രാധാകൃഷ്ണൻ അപകടാവസ്ഥ മനസിലാക്കി അഡ്മിറ്റ് ചെയ്യുകയും സർജറി നടത്തുകയും ചെയ്തിട്ടുള്ളത്.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, ഉപഭോക്തൃ കോടതി തുടങ്ങിയവയിൽ ഉൾപ്പെടെ പരാതികൾ നൽകും. ആശുപത്രിയെയും ഡോക്ടറെയും വിശ്വസിച്ചു ചെല്ലുന്നവരെ ദുരിതത്തിലാക്കി തിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധം ഉയർത്തും. ചികിത്സയ്ക്കായി 87000 രൂപയോളം ഈടാക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സാപിഴവ് വരുത്തിയതിനെതിരെ നടപടികൾ ഉണ്ടാകുംവരെ നിയമാനുസൃതമാർഗ്ഗത്തിൽ ഇടപെടും.
ആശുപത്രികളിൽ രോഗികൾക്കുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടാൻ സർക്കാർ പ്രത്യേക സംവീധാനം ഏർപ്പെടുത്തണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടു. സാംജി പഴേപറമ്പിൽ, രാജേഷ് ബി, ബിപിൻ തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *