തിരുവനന്തപുരം: പുതുപ്പള്ളി എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത്. ആദ്യം പ്രതിപക്ഷ നേതാവിനെയും പിന്നീട് മുഖ്യമന്ത്രിയെയും കൈ കൂപ്പി അഭിസംബോധന ചെയ്തശേഷമാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. സത്യ പ്രതിജ്ഞക്ക് ശേഷം അംഗത്വ രജിസ്റ്ററിൽ ഒപ്പുവെക്കുകയും സ്പീക്കറുടെ ഡയസിലെത്തി ഹസ്തദാനം ചെയ്യുകയും ചെയ്തു. ശേഷം മുഖ്യ മന്ത്രിയടക്കം മുൻ നിരയിലുള്ള മന്ത്രിമാരുടെ അടുത്ത് ചെന്ന് ഹസ്ത ദാനം നടത്തി. അതിനു ശേഷം പ്രതിപക്ഷ നേതാവടക്കമുള്ള സഭാകക്ഷി നേതാക്കളെയും അഭിസംബോധന ചെയ്തു.
സത്യപ്രതിജ്ഞക്ക് മുമ്പായി ആറ്റുകാൽ ദേവീക്ഷേത്രത്തിലും പാളയത്തെ ഓർത്തഡോക്സ് പള്ളിയിലും ചാണ്ടി ഉമ്മൻ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മരിക്കുന്നില്ലെന്നും തന്റെ ചാലകശക്തി അപ്പയാണെന്നും ഇന്നത്തെ ദിവസം കൂടെയില്ലെന്നത് വേദനയുള്ള കാര്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ചാണ്ടി ഉമ്മന് 37,213 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ പുതുപ്പള്ളിയിൽ പായസവിതരണം നടത്തി.