രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റുന്നതിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ശശി തരൂർ

രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റുന്നതിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ശശി തരൂർ

തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾ സഖ്യത്തിന്റെ പേര് BHARAT (അലൈൻസ് ഓഫ് ബെറ്റർമെന്റ് ഹാർമണി ആൻഡ് റെസ്പോൺസിബിൾ അഡ്വാൻസ്മെന്റ് ഫോർ ടുമാറോ) എന്നാക്കി മാറ്റിയാൽ വിനാശകരമായ ഈ പേരുമാറ്റാൽ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് തരൂർ പരിഹസിച്ചു.
ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതിൽ ഭരണഘടനാപരമായി എതിർപ്പില്ലെങ്കിലും ‘ഇന്ത്യ’യെ പൂർണമായും ഒഴിവാക്കാൻ സർക്കാർ അത്ര വിഡ്ഢികളല്ലെന്നാണ് താൻ കരുതുന്നതെന്ന് വിവാദത്തിൽ തരൂർ നേരത്തെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകൾ തുടർന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തരൂരിന്റെ പരിഹാസം.ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തിൽ ഇന്ത്യക്കുപകരം ഭാരതം എന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുവെന്ന വാർത്തകൾ പ്രചരിച്ചത്. ഉച്ചകോടി ആരംഭിക്കുന്ന ശനിയാഴ്ചത്തെ വിരുന്നിൽ പങ്കെടുക്കാൻ അതിഥികൾക്കായി അയച്ച ക്ഷണക്കത്തിൽ സാധാരണ ഉപയോഗിക്കുന്ന ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപതി ഭവൻ വിശേഷിപ്പിച്ചത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷാണ് ക്ഷണക്കത്തിലെ വിവാദവിഷയം ആദ്യം പുറത്തുവിട്ടത്. ഇതിനുപിന്നാലെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരേ വലിയ വിമർശനവും ഉന്നയിച്ചിരുന്നു. പ്രതിപക്ഷം ‘ഇന്ത്യ’ മുന്നണിയുടെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്താൽ ബി.ജെ.പി. ഭാരതമെന്ന പേര് വീണ്ടും മാറ്റുമോ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കഴിഞ്ഞദിവസം ചോദിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *