ഡീസൽ ചോർച്ചയിൽ പൊറുതിമുട്ടി പരിയാപുരം ഗ്രാമം

ഡീസൽ ചോർച്ചയിൽ പൊറുതിമുട്ടി പരിയാപുരം ഗ്രാമം

പരിയാപുരം : ഡീസൽ ടാങ്കർ മറിഞ്ഞതിനെത്തുടർന്ന് അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം ഗ്രാമത്തെ പാരിസ്ഥിതിക ദുരന്തം തുടങ്ങിയിട്ട് ഇന്നേക്ക്

3 ദിവസമാകുന്നു. മറിഞ്ഞ ടാങ്കറിൽനിന്ന് ഒലിച്ചിറങ്ങിയ 20,000 ലിറ്റൽ ഡീസൽ മണ്ണിലൂടെ കിണറുകളിലെത്തി കിണർവെള്ളമാകെ മലിനമായതാണ് ഗ്രാമം നേരിടുന്ന മുഖ്യപ്രശ്നം. ഡീസൽ മണ്ണിൽ കലർന്നത് കൃഷിയെ എങ്ങനെ ബാധിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് ആർക്കും തിട്ടമില്ലാത്തത് ഗ്രാമവാസികളെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്. ദിവസേനയെന്നോണം പുതിയ കിണറുകളിൽ ഡീസൽ പ്രത്യക്ഷപ്പെടുന്നു.
ഭൂജലവകുപ്പ് നടത്തിയ പ്രാഥമികപഠനമല്ലാതെ ഗൗരവപ്പെട്ട പഠനമോ സർവേയോ നടന്നിട്ടില്ല. 12 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ ഭൂഗർഭജലത്തെ ഡീസൽ ബാധിച്ചിട്ടുണ്ടാകാമെന്നും അത്രയും പ്രദേശത്തെ കുടിവെള്ളം ഉപയോഗിക്കരുതെന്നുമാണ് ഭൂജലവകുപ്പിന്റെ നിഗമനം. പക്ഷേ, പ്രത്യക്ഷത്തിൽ ഡീസൽ സാന്നിധ്യമില്ലാത്ത കിണറുകളിലെ വെള്ളം പലരും ഉപയോഗിക്കുകയാണ്. ഡീസൽ കലർന്ന വെള്ളം ഉള്ളിൽചെന്നാൽ ഉദരരോഗങ്ങളും ന്യുമോണിയയുടെ വകഭേദമായ കെമിക്കൽ ന്യൂമോണൈറ്റിസും പിടിപെടുമെന്ന് ഡോക്ടർമാർ പറയുന്നു. ഏതു പച്ചയിലയിൽ ഒഴിച്ചാലും ആളിക്കത്തുന്നു. തലമുറകളായി ഉപയോഗിച്ചുവന്നിരുന്ന കിണർ ഉപയോഗശൂന്യമായതോടെ കുടിവെള്ളം ബിജു അയൽവീട്ടിൽനിന്ന് പൈപ്പിട്ട് എത്തിക്കുകയാണ്. സ്വന്തം കിണർ ഉപയോഗിക്കാൻ വർഷങ്ങൾ കാത്തിരിക്കണമെന്ന വെളിപ്പെടുത്തലിൽ നടുങ്ങിയിരിക്കുകയാണിദ്ദേഹം.
അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പരിയാപുരം ഫാത്തിമ പള്ളി വികാരി ഫാ. ജെയിംസ് വാമറ്റത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ രൂപവത്കരിച്ച കർമസമതി ഇന്ന് കളക്ടറെ കാണും. കളക്ടർ സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടണമെന്ന് അവർ ആവശ്യപ്പെട്ടു.
. പ്രദേശത്തെ എല്ലാ കിണറുകളിലെയും ജലം പരിശോധിക്കുക, ദുരന്തത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുക, ദിനംപ്രതി കിണറുകളിലേക്ക് എത്തുന്ന ഡീസൽ നീക്കംചെയ്യുക, വിവിധ വകുപ്പുകളുടെ ഏകോപനസമിതിയുണ്ടാക്കി പരിഹാരമാർഗങ്ങൾ നിർദേശിക്കുക  എന്നീ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *