കലാലയങ്ങളിൽ ചോര വീഴാൻ പാടില്ല

വീണ്ടുമൊരു ദു:ഖവാർത്തയാ ണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും പുറത്ത് വന്നത്. അവിടെ യൂണിയൻ തിരഞ്ഞെടുപ്പുമായി ഉണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിയുടെ ജീവൻ പൊലിഞ്ഞു. മരണപ്പെട്ട ധീരജ് രാജേന്ദ്രൻ ബി-ടെക് വിദ്യാത്ഥിയാണ്. ധീരജിനെ കുത്തികൊലപ്പെടുത്തിയത് യൂത്ത് കോൺഗ്രസ്സ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് നിഖിൽ പൈലിയാണ്. നിഖിൽ പൈലിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗാന്ധിസം മുറുകെ പിടിക്കുന്ന പാർട്ടിയായ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായ നിഖിൽ പൈലിക്ക് എങ്ങനെയിത് ചെയ്യാൻ സാധിച്ചു? ഒരു മനുഷ്യന്റെ ജീവനെടുക്കുക എന്നതിനേക്കാൾ പാതകം മറ്റൊന്നുമില്ല. കോൺഗ്രസ്സ് നേതൃത്വം ആത്മ പരിശോധന നടത്തേണ്ട ഘട്ടമാണിത്. അഹിംസാ മന്ത്രം പഠിപ്പിച്ച രാഷ്ട്ര പിതാവിന്റെ പിൻഗാമികളെന്ന് പറയുന്നവരുടെ ഇടയിൽ മനസിനകത്ത് ക്രിമിനൽ രാഷ്ട്രീയക്കാർ കയറിപ്പറ്റുന്നത് കോൺഗ്രസ്സ് നേതൃത്വം ആഴത്തിൽ പരിശോധിച്ച് പാർട്ടിയെ ശുദ്ധിയാക്കാൻ ശ്രമിക്കണം. ഈ അക്രമ സംഭവത്തിൽ പങ്കെടുത്ത നിഖിൽ പൈലി, അയാളുടെ കൂടെയുണ്ടായിരുന്നവർ ഇവരെയെല്ലാം നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്ന് കനത്ത ശിക്ഷ വാങ്ങികൊടുക്കണം.
കലാലയ രാഷ്ട്രീയം സർഗ്ഗാത്മകമാകേണ്ട ഒന്നാണ്. അത് കുട്ടികൾ ഏറ്റെടുക്കട്ടെ. പലപ്പോഴും കാമ്പസുകളിൽ നടക്കുന്ന അക്രമങ്ങളിൽ പുറമെ നിന്നുള്ളവർ ഇടപെടുമ്പോഴാണ് കുഴപ്പങ്ങളുണ്ടാകുന്നത്. പല കേസുകളിലും പ്രതികൾ രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകളാണെന്ന് കണ്ടെത്താൻ സാധിക്കും. യുവജനസംഘടനകൾക്ക് കാമ്പസുകളിൽ എന്താണ് കാര്യം. യുവജന സംഘടനകളെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം.
മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്നു ധീരജെന്നാണ് മനസ്സിലാകുന്നത്. കുടുംബത്തിന്റെ പ്രതീക്ഷകളും, ഒരു ജീവിതവുമാണ് ഇല്ലാതാക്കിയതെന്ന് ബന്ധപ്പെട്ടവർ ഓർക്കുന്നത് നന്ന്. അവനവനോ തങ്ങളുടെ കുടുംബത്തിനോ ഇത്തരമൊരു അവസ്ഥ വരുന്നത് ആരെങ്കലും അംഗീകരിക്കുമോ? കലാലയ രാഷ്ട്രീയത്തിലൂടെ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. തോരാ കണ്ണീരുമായി കുടുംബങ്ങൾ ജീവിക്കുന്നു. അവരുടെ ദു:ഖത്തിന് ആര് പരിഹാരം കാണും?
രാഷ്ട്രീയ വിഷയങ്ങളിൽ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ എടുക്കുന്ന സമീപനവും ആശാവഹമല്ല. ഇപ്പോൾ കേരളത്തിൽ വലിയ ചർച്ച ചെയ്യുന്ന കെ.റെയിൽ വിഷയത്തിൽ സർവ്വേകല്ല് പിഴുതെറിയുമെന്ന് ഒരു നേതാവും, പിഴുതെറിയുന്നവന്റെ പല്ല് കൊഴിക്കുമെന്ന് മറ്റൊരു നേതാവും പ്രഖ്യാപിക്കുമ്പോൾ എങ്ങനെയാണ് നാട്ടിൽ സമാധാനം പുലരുക. ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അത് പരസ്പര ബഹുമാനം നിലനിർത്തിയാണ് പ്രകടിപ്പിക്കേണ്ടതെന്ന് ഇത്തരം നേതാക്കളെ ഇനി എങ്ങനെയാണ് പഠിപ്പിക്കുക. ഇത്തരം പ്രസ്താവനകളും, നേതാക്കളുടെ ശരീര ഭാഷയുമെല്ലാം കണ്ടാണ് താഴെക്കിടയിലുള്ള കുട്ടി നേതാക്കളും പ്രവർത്തകരും ഹാലിളകുന്നത്. ദയവു ചെയ്ത് വിവേകത്തിന്റെയും, സഹിഷ്ണുതയുടെയും ഭാഷയിൽ രാഷ്ട്രീ നേതാക്കൾ സംസാരിക്കണം.
നമ്മുടെ കാമ്പസുകളിൽ നിന്ന് പഠിച്ചിറങ്ങേണ്ട കുട്ടികൾ നാടിനെ നയിക്കേണ്ടവരാണ്. അവരിൽ അധ്യാപകരും, എഞ്ചിനീയർമാരും, ശാസ്ത്രജ്ഞരും, ബിസിനസുകാരുമെല്ലാം ഉണ്ടാകും. അവർ നന്നായി പഠിച്ച് മിടുക്കൻമാരായി സമൂഹത്തിന് ഗുണം ചെയ്യുന്നവരായി മറേണ്ടവരാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രത്യയ ശാസ്ത്രങ്ങൾക്ക് അടിമകളാവേണ്ടവരല്ല വിദ്യാർത്ഥി സമൂഹം. രാഷ്ട്രീയം വേണം, കക്ഷി രാഷ്ട്രീയമായാലും കുഴപ്പമില്ല. എന്നാൽ അക്രമത്തിന്റെയും, സാമൂഹിക വിരുദ്ധതയുടെയും രാഷ്ട്രീയം അനഭിലഷണീയമല്ല. അക്രമ സംഭവങ്ങളെ നേതാക്കൾ പ്രോത്സാഹിപ്പിക്കരുത്.
കോവിഡിന്റെ ദുരിതത്തിലാണ് നാമെല്ലാവരും. അത് മറികടന്ന് പുതു ജീവിതം കെട്ടിപ്പടുക്കാൻ സമൂഹം പ്രവർത്തന സജ്ജമാകുമ്പോൾ, ഇത്തരം ദുരന്ത വാർത്തകൾ ഒരിക്കലും ഉണ്ടാവരുത്. നമ്മുടെ കുട്ടികൾ വളരെയേറെ കഴിവുള്ളവരാണ്. അവർക്ക് പഠിക്കാൻ വിശാലമായ സൗകര്യങ്ങളുമുണ്ട്. അവരതിൽ അറിവ് സമ്പാദിക്കട്ടെ. പ്രത്യയ ശാസ്ത്രങ്ങളുടെ പതാക ഉയർത്തിപ്പിടിക്കലല്ല വിദ്യാർത്ഥി സമൂഹത്തിന്റെ കടമ. അവർ പഠനമാണ് ഉയർത്തിപ്പിടിക്കേണ്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടികൾ സർക്കാർ സ്വീകരിക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *