മാഹി .ഫ്രഞ്ച് സംസ്ക്കാരത്തിന്റെ ശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്ന മാഹിയിൽ, ഫ്രഞ്ച് ഭരണകാലത്തെ ഓണം ഇന്നും പഴമക്കാരുടെ സ്മൃതികളിൽ തങ്ങി നിൽക്കുന്നുണ്ടെന്ന് വിഖ്യാത ചിത്രകാരൻ മോഹൻകുമാർ പാരീസ് അഭിപ്രായപ്പെട്ടു. മയ്യഴിപ്പുഴയിലെ ജല കേളികളും, സമ്മാനങ്ങൾ കൈക്കലാക്കാൻ, വഴുക്കുന്ന തൂണിന്മേലുള്ള കയറ്റവും ഫ്രഞ്ചുകാരുടെ ഓണക്കളികളായിരുന്നുവെന്ന് മോഹൻകുമാർ പറഞ്ഞു. പ്രജകളോടുള്ള സമത്വ ഭാവന ഫ്രഞ്ചുകാരുടെ മുഖമുദ്രയായിരുന്നു. മാഹി എക്കോൽ കൂർ കോംപ്ലമെന്തേർ ഫ്രഞ്ച് വിദ്യാലയത്തിൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനാദ്ധ്യാപകൻ ഒ.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് എസ്.പി. റഫീഖ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, അണിമ പവിത്രൻ, അമൃത പുരുഷോത്തമൻ ,വി.വി. രേഖ, വി.വി.ശാന്തി, വിജയി,ജെയിംസ് ജോസഫ്, പോൾ ഷിബു, മുഹമ്മദ് റാസി, അഥിൻ കൃഷ്ണ സംസാരിച്ചു. പൂക്കളവും, മാവേലിയും, ഓണസദ്യയും, ഓണക്കളികളുമെല്ലാം അരങ്ങേറി.