തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതിനു പിന്നാലെ സൂര്യനിലേക്കാണ് ഇനി ഐഎസ്ആർഒയുടെ ദൗത്യമെന്ന് വിഎസ്എസ്സി ഡയറക്ടർ എസ്.ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. സെപ്റ്റംബർ ആദ്യത്തെ ആഴ്ചയാണ് ദൗത്യം നിശ്ചയിച്ചിരിക്കുന്നത്. ആദിത്യ L1 എന്നാണ് ഉപഗ്രഹത്തിന്റെ പേര്. ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്ററുകൾ അകലെയുള്ള സൂര്യനെ നിരീക്ഷിക്കും. സൂര്യൻ അന്തരീക്ഷത്തെയും ഭൂമിയിലെ കാലാവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കും. പിഎസ്എൽവി റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ഇതു കഴിഞ്ഞാൽ ഗഗൻയാനിലെ സഞ്ചാരികളുടെ എസ്കേപ്പ് സിസ്റ്റം ടെസ്റ്റ് വെഹിക്കിൾ ഉപയോഗിച്ച് പരീക്ഷിക്കും. പറന്നുപോകുമ്പോൾ, ശബ്ദ വേഗം മറികടക്കുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്നും അതുമറികടക്കാനുള്ള കാര്യങ്ങളുമാണു പരീക്ഷിക്കുന്നത്. ഒക്ടോബറിലാണ് പരീക്ഷണം നിശ്ചയിച്ചിരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.