കോട്ടയം: ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞിട്ടും കൊല്ലം, കോട്ടയം ജില്ലകളിൽ ഓണക്കിറ്റ് വിതരണം തുടങ്ങിയില്ല. കൊല്ലത്ത് കിറ്റിൽ നിറയ്ക്കേണ്ട സാധനങ്ങൾ സപ്ലൈകോയിൽ എത്താത്തതാണ് വിതരണം വൈകാൻ കാരണം. തുണിസഞ്ചിയടക്കം പതിനാലിന സാധനങ്ങൾ അടങ്ങുന്നതാണ് സർക്കാറിൻറെ ഈ വർഷത്തെ ഓണക്കിറ്റ്. 500 രൂപയോളം വിലവരുന്ന സാധനങ്ങളാണ് കിറ്റിൽ. ഇരുപത്തിയെട്ടാം തീയതി വരെ മഞ്ഞകാർഡുകാർക്ക് അതാത് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാം. എന്തെങ്കിലും അസൗകര്യമുള്ളവർക്ക് മാത്രം ഏതെങ്കിലും റേഷൻ കടയിൽ നിന്ന് വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഇത്തവണ 5,87,691 മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 പേർക്കുമാണ് ഓണക്കിറ്റ് നൽകുന്നത്.