പൊരുതി, കീഴടങ്ങി പ്രഗ്‌നാനന്ദ
ബാക്കു: ചെസ് ലോകകപ്പ് ഫൈനലിൽ കടുത്ത പോരാട്ടം കാഴ്ചവച്ച് ഇന്ത്യൻ താരം ആർ. പ്രഗ്‌നാനന്ദ കീഴടങ്ങി. നോർവേ താരം മാഗ്‌നസ് കാൾസനാണു കിരീടം. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് മാഗ്‌നസ് കരിയറിലെ ആദ്യ ലോകകിരീടം ചൂടിയത്. ലോക ഒന്നാം നമ്പർ താരമാണ് കാൾസൻ. ചൊവ്വ, ബുധൻ ദിവസങ്ങൽ നടന്ന ആദ്യ രണ്ടു ഗെയിമുകളും സെമിയിലായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്കു നീണ്ടത്. ടൈബ്രേക്കറിൽ ശക്തമായി പോരാടിയെങ്കിലും ആദ്യ ഗെയിമിൽ അടിപതറുകയായിരുന്നു. രണ്ടാം ഗെയിമിൽ പത്തു മിനിറ്റിനകം തന്നെ കൈകൊടുത്തു പിരിയുകയായിരുന്നു. കാൾസൻ അഞ്ചുതവണ ലോക ചാംപ്യൻഷിപ്പ് ജേതാവാണെങ്കിലും ഇതാദ്യമായാണു ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്.
വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്‌നാനന്ദ. ആനന്ദ് രണ്ടു തവണ ലോക ജേതാവായിട്ടുണ്ട്. ലോകകപ്പിലെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താര ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ക്വാർട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെയും കീഴടക്കി ഫൈനലിലേക്കു കുതിക്കുകയായിരുന്നു.