കോഴിക്കോട്:കുടുംബ കൂട്ടായ്മയിലൂടെ കുടുംബ ചിത്രമായ പൊളിറ്റിക്കൽ കറക്ട്‌നസ് തയ്യാറാകുന്നു. കോഴിക്കോട് പുതിയറ പുഷ്പ വിലാസം തറവാട്ടിൽ മജിസ്‌ട്രേറ്റും, എഴുത്തുകാരനുമായിരുന്ന എ.സി.ഗോവിന്ദന്റെ പിൻഗാമികളായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 40ലധികം കുടുംബങ്ങൾ ചേർന്നാണ് സാങ്കേതിക മികവോടെ ഈ ഷോർട്ട് ഫിലിം നിർമ്മിക്കുന്നതെന്ന് സംവിധായകൻ സന്ദീപും, തിരകഥാകൃത്ത് മനു ഗോപാലും പറഞ്ഞു. കുടുംബാംഗങ്ങളായ 5 വയസ്സുള്ള കുട്ടി മുതൽ 88 വയസ്സുള്ള മുതിർന്നവർവരെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് ദിവസം ഇടതടവില്ലാതെ ചിത്രീകരണം നടത്തിയാണ് സിനിമ പൂർത്തിയാക്കിയത്. മുൻ ഹെൽത്ത് ഡയറക്ടർ ആർ.എൽ സരിതയും, ഷെവലിയാർ സി.ഇ.ചാക്കുണ്ണിയും സിനിമയിൽ വേഷമിടുന്നുണ്ട്. ലോകത്താദ്യമായാണ് നാൽപതിൽ പരം കുടുംബാംഗങ്ങൾ അഭിനയിച്ചുകൊണ്ട് ഒരു സിനിമ നിർമ്മിക്കുന്നതെന്ന് സംവിധായകൻ സന്ദീപ് കൂട്ടിച്ചേർത്തു. 30 മിനിട്ടാണ് ദൈർഘ്യം. മക്കൾ രാഷ്ട്രീയത്തിനെതിരെയും, അരാഷ്ട്രീയ നിലപാടുകൾക്കെതിരെയും, രാഷ്ട്രീയക്കാരൻ എന്താവണമെന്നും രാഷ്ട്രീയത്തിലെ ശരിമയും ഈ സിനിമയുടെ പ്രമേയമാണ്. വാർത്താ സമ്മേളനത്തിൽ ആർ.എൽ.സരിത,ഷെവ.സി.ഇ.ചാക്കുണ്ണി, ക്യാമറാമാൻ ഷിദ്ദിയും പങ്കെടുത്തു. എ.വി.എ പ്രൊഡക്ഷൻസാണ് ഈ കുടുംബ സിനിമ അവതരിപ്പിക്കുന്നത്.