തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബർ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രസവം നടക്കുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും പദ്ധതി യാഥാർത്ഥ്യമായി. തിരുവനന്തപുരവും, കണ്ണൂരും ഉടൻ യാഥാർത്ഥ്യമാകും. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.