കോഴിക്കോട്:5 മുതൽ 18 വരെ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ജില്ലയിൽ തുടക്കമായി. ബീച്ച് ജനറൽ ആശുപത്രിയിൽ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ് വി, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.ടി.മോഹൻദാസ്, ആശുപത്രി സൂപ്രണ്ട് ഡോ.എൻ.രാജേന്ദ്രൻ, ഡോ. ബിന്ദു എ.ബി, ഡോ.ശ്രീജിത്ത് സി.ബി ,ഡോ മുനവർ റഹ്മാൻ , ഡോ.വിപിൻ വർക്കി, ഉപജില്ലാ വിദ്യാഭ്യാസ മാധ്യമ ഓഫീസർ കെ.എം.മുസ്തഫ എന്നിവർ സംബന്ധിച്ചു.
15 – 18 പ്രായ വിഭാഗത്തിൽ പെടുന്നവരുടെ കോവിഡ് കുത്തിവയ്പിനായി ജില്ലയിലെ എല്ലാ സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും പ്രത്യേക ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്‌സിനേഷൻ എല്ലാവരിലുമെത്തുന്നതിലൂടെ കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തമാക്കാൻ കഴിയും. 15നു മുകളിൽ പ്രായമുള്ളവർ അതത് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി കഴിയുന്നത്ര വേഗത്തിൽ വാക്‌സിനേഷൻ നടത്താൻ ശ്രദ്ധിക്കണമെന്ന് ഡിഎംഒ പറഞ്ഞു.
2,300 ഓൺലൈൻ രജിസ്‌ട്രേഷനുകളാണ് ആദ്യ ദിവസം ഷെഡ്യൂൾ ചെയ്തിരുന്നത്. സ്‌പോട്ട് രജിസ്‌ട്രേഷനടക്കം ഉച്ചവരെ 1,500 കൗമാരക്കാർ വാക്‌സിൻ സ്വീകരിച്ചു. ഓരോ ദിവസവും മേജർ ആശുപത്രികളിൽ 200 പേർക്കും പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 100 പേർക്കുമുള്ള വാക്‌സിനേഷനാണ് ലക്ഷ്യമിടുന്നത്.
എല്ലാ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 15 മുതൽ 18 വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ ഉണ്ടായിരിക്കും. കോവാക്‌സിനാണ് നൽകുക. സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മറ്റു മേജർ ആശുപത്രികളിലും ഞായർ, ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്‌സിനേഷൻ ഉണ്ടായിരിക്കും. ഓൺലൈനായി അപേക്ഷിച്ചവർക്കും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും വാക്‌സിനേഷൻ ലഭിക്കും. 18 വയസ്സിനു മുകളിലുളളവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ വഴി തിങ്കൾ മുതൽ ശനി വരെ സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും മേജർ ആശുപത്രികളിൽ നിന്നും വാക്‌സിനേഷൻ നടത്താം. സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ , ബുധൻ, ശനി ദിവസങ്ങളിൽ വാക്‌സിനേഷൻ ലഭ്യമാണ്.