കോഴിക്കോട്: നീതിയും, നിയമവും നടപ്പിലാക്കേണ്ട പോലീസുദ്യോഗസ്ഥരിൽ ചിലർ ക്രിമിനലുകളെപോലെ അധ:പതിച്ചിരിക്കുകയാണെന്ന് അഭിഭാഷകനായ എടത്തൊടി രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ കക്ഷികൾക്ക് പോലീസിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വിവരണാതീതമാണ്. കോഴിക്കോട് മാവൂർ റോഡിലെ ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിലെ ട്രെയിനറായിരുന്ന ഷനിത്തിനെ ഇപ്പോഴത്തെ ബേപ്പൂർ സിഐയും, മുൻ കസബ എസ്‌ഐയുമായിരുന്ന സിജിത്ത് വാക്കാട്ട് അനാവശ്യ കേസ് എടുത്തും മറ്റു വിധത്തിലും ഉപദ്രവിക്കുകയുണ്ടായി. ഷനിത്തിനെ സിനിമയിൽ ഒക്കെ നാം ദർശിക്കുന്ന രൂപത്തിൽ തട്ടിക്കൊണ്ട് പോകുകയും ഭീകരമായി മർദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തിൽ പോലീസ് ചെറുവിരലനക്കിയില്ല. സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാളിരാജ് എസ് മഹേഷ് കുമാറിന് പരാതി നൽകിയതിനെ തുടർന്നാണ് കസബ പോലീസ് കേസ് എടുക്കാൻ തയ്യാറായത്. ഷജിത്ത് വാക്കാട്ടെടുത്ത കേസ്സുകൾക്ക് പുറമെ മറ്റ് ചില എസ്‌ഐ മാരും കള്ളക്കേസുകൾ എടുക്കുകയുണ്ടായി. ഇത്തരം കേസുകളെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു. തനിക്കെതിരെ കള്ളക്കേസുണ്ടാക്കാനും പോലീസ് തയ്യാറായി. പോലീസ് ഉദ്യോഗസ്ഥരായ ഉമേഷ്, പി.കെ.റൗഫ്, ഗിരീഷ് സാട്ടോ, ദിനീഷ് തോമസ്, മുരളീധരൻ.ടി എന്നിവർ പോലീസ് സേനയെ നാണം കെടുത്തുന്നവരാണ്. പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. സാധാരണ ജനങ്ങൾക്ക് കോടതികളാണ് രക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസിനെ കയറൂരി വിട്ടതിന്റെ തിക്തഫലം അടിയന്തിരാവസ്ഥയിൽ നമ്മൾ കണ്ടതാണ്. പോലീസിലെ ക്രിമിനലുകളെ കണ്ടെത്തി ശിക്ഷിക്കാൻ അധികാരികൾ തയ്യാറാകണം. പോലീസിന്റെ കുറ്റകരമായ അനാസ്ഥക്ക് സമാനമായ സംഭവങ്ങൾ ബേപ്പൂരിലും, കോഴിക്കോട്ടും ഉണ്ടായിട്ടുണ്ട്. താൻ സിപിഎം അംഗമാണെന്നും ഭരണകക്ഷിയിയോടുള്ള എതിർപ്പുകൊണ്ടല്ല ഇതു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.