തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുടിഞ്ഞുപോയ തറവാടിന്റെ കാരണവരെ പോലെയാണ് കെ.എന്‍ ബാലഗോപാല്‍ പ്രവര്‍ത്തിക്കുന്നതെന്നും വിലകയറ്റം കൊണ്ട് ജനങ്ങള്‍ പ്രതിസന്ധിയിലായെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തവണ ഓണത്തിന് കേരളത്തിലേക്ക് വരാന്‍ മാവേലിക്ക് പേടിയെന്നും ചെന്നിത്തല പരിഹസിച്ചു.
മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ വായില്‍ പാലൊഴിച്ചാല്‍ ഇപ്പോള്‍ തൈരായി പുറത്തുവരുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിട്ട് അഞ്ചുമാസമായി. എന്തൊക്കെ ആരോപണങ്ങള്‍ ഉണ്ടായി, കേരളത്തില്‍ എന്തൊക്കെ വിഷയങ്ങളും ഉയര്‍ന്നുവന്നു, ഒന്നിലും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എ ഐ ക്യാമറക്കെതിരെ അഴിമതി ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. നെല്ല് കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. സംഭരിച്ച നെല്ലിന് പണം നല്‍കുന്നില്ല. അവര്‍ ഓണം എങ്ങനെ ആഘോഷിക്കും? പിരിക്കുന്ന നികുതി എങ്ങോട്ട് പോകുന്നുവെന്ന് മന്ത്രി പറയണം. കഴിഞ്ഞ തവണ ഓണകിറ്റ് കൊടുത്തതിന്റെ കമ്മീഷന്‍ റേഷന്‍ കടക്കാര്‍ക്ക് കൊടുത്തിട്ടില്ല. അംഗണവാടി ജീവനക്കാര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെ സമരത്തിലാണ്.
സംസ്ഥാനത്തെ ജനകീയ ഹോട്ടലുല്‍ എല്ലാം പൂട്ടി. കരാറുകാരുടെ ബില്ലു മാറാത്തതുകൊണ്ട് മണ്ഡലങ്ങളിലെ വര്‍ക്കുകളെടുക്കാന്‍ കരാറുകാര്‍ തയ്യാറാവുന്നില്ല. മണ്ഡലങ്ങളിലെ പദ്ധതികള്‍ എല്ലാം മുടങ്ങുന്ന സ്ഥിതിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അമിത നികുതിഭാരം ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. നികുതി ഭാരം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ജി.എസ്.ടി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. കൃത്യമായി നികുതി ഖജനാവിലേക്ക് എത്താനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.