ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ മൂന്ന് രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്.ഒ അറിയിച്ചു. ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയില്‍ ഇനി രണ്ട് ഘട്ടംകൂടിയാണ് അവശേഷിക്കുന്നത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1437 കിലോ മീറ്ററും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോള്‍.
14ന് രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്നാം ഘട്ടം നടത്തുക. നാലാമത്തേത് 16നും നടക്കും. ഇതോടെ ചന്ദ്രനില്‍നിന്ന് 100 കിലോ മീറ്റര്‍ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ പേടകമെത്തും. 17ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടുന്നതോടെ ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് സജ്ജമാകും. ആഗസ്റ്റ് 23ന് വൈകീട്ട് 5.40നാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്. നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡിങ് പ്രതിസന്ധികള്‍ ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഐ.എസ്.ആര്.ഒ.