കോഴിക്കോട്: ബേപ്പൂര്‍-ദുബായ്-കൊച്ചി സെക്ടറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ നടപടികളുണ്ടാവണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദുബായ് സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അവര്‍. കരിപ്പൂരില്‍ ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാവാതിരിക്കുകയും ദുബായ്-കാലിക്കറ്റ് റൂട്ടില്‍ വിമാന കമ്പനികള്‍ നടത്തുന്ന ആകാശകൊള്ള അഭംഗുരം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കപ്പല്‍ സര്‍വീസ് ഫലപ്രദമാണെന്ന് ചെയര്‍മാന്‍ ഷെവ: സി.ഇ ചാക്കുണ്ണി ചൂണ്ടിക്കാട്ടി.
ദുബായ്-കാലിക്കറ്റ് റൂട്ടില്‍ ഇന്നത്തെ വിമാന ടിക്കറ്റ് നിരക്ക് 79,000 രൂപയാണ്. ഓണക്കാലമായിട്ട് പോലും പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. എന്നാല്‍, വിവാഹം, മരണം പോലുള്ള ഘട്ടങ്ങളില്‍ നാട്ടില്‍ വരാതിരിക്കാനുമാവില്ല. ആകാശകൊള്ള കാരണം, സാധാരണക്കാരായ പ്രവാസികളാണ് ദുരിതംപേറുന്നത്. ബേപ്പൂര്‍-ദുബായ്-കൊച്ചി റൂട്ടില്‍ ഏതാണ്ട് 20,000 രൂപക്ക് യാത്ര ചെയ്യാനാവുമെന്നാണ് മനസിലാക്കാന്‍ സാധിച്ചത്.
യാത്രക്കാര്‍ സഞ്ചരിക്കുന്ന കപ്പലില്‍ നോണ്‍-പെരിഷബിള്‍ ഗുഡ്‌സ് കൂടി കൊണ്ടുപോവുകയാണെങ്കില്‍ യാത്രാനിരക്ക് ഇതിലും കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കപ്പല്‍ സര്‍വീസ് സംരംഭകനായ കരീം വെങ്കിടങ്ങുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും സര്‍വീസ് ആരംഭിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയാണെങ്കില്‍ കേന്ദ്ര അനുമതിക്ക് വിധേയമായി സ്ഥിരം ചാര്‍ട്ടേഡ് വിമാന-കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ സന്നദ്ധമാണെന്ന് അല്‍ഗെയ്ത്ത് & ആല്‍മൂസ ട്രാവല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ ഡോ: എം.പി അബ്ദുള്‍ കരീം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഫ്‌ളൈ ദുബായ് ആസ്ഥാനത്ത് കൊമേഴ്ഷ്യല്‍ ഓപറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് (U.A.E, G.C.C, Indian Sub-Cont. & Africa) സുധീര്‍ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും ആഴ്ചയില്‍ മൂന്ന് ദിവസം കരിപ്പൂരിലേക്ക് നടത്തുന്ന സര്‍വീസ് D.G.C.A കൂടുതല്‍ സീറ്റുകളും അനുമതിയും നല്‍കിയാല്‍ ദിനംപ്രതി ആക്കാമെന്നും ആഘോഷാവധി സീസണില്‍ യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് എത്ര സര്‍വീസ് വേണമെങ്കിലും നടത്താന്‍ ആവശ്യമായ വിമാനങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അമിത വിമാന നിരക്ക് കുറയ്ക്കാന്‍ നിലവിലെ ചട്ടപ്രകാരം സാധിക്കില്ലെന്ന് വ്യോമയാന മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഓഫിസില്‍ നിന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. 2020 ആഗസ്റ്റ് ഏഴിന് കരിപ്പൂരിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകടംമൂലം വലിയ വിമാന സര്‍വീസ് നിര്‍ത്തിയ സാഹചര്യത്തില്‍ കര്‍ഗോ കയറ്റുമതിക്ക് പരിമിതിയുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ കര്‍ഗോക്ക് പ്രത്യേക ചരക്ക് വിമാനം സര്‍വീസ് ആരംഭിക്കാന്‍ എമിറേറ്റ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് & ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ ആദല്‍ അല്‍രേദക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ പരിമിതമായതിനാല്‍ യാത്രക്കാര്‍ മണിക്കൂറുകളോളമാണ് ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്. എയര്‍പ്പോര്‍ട്ട് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മേലധികാരികളുമായി ബന്ധപ്പെട്ട് നടപടിയുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീമുമായി കൂടിക്കാഴ്ച നടത്തുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ ഒന്നിച്ച് നടത്താന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എം.ഡി.സി വൈസ് പ്രസിഡന്റ് ജോബ് കൊള്ളന്നൂര്‍, ജനറല്‍ സെക്രട്ടറി അഡ്വ: എം.കെ അയ്യപ്പന്‍, യു.എ.ഇ കോ-ഓര്‍ഡിനേറ്റര്‍മാരായ സി.എ ജെയിംസ് മാത്യു, സി.എ ബ്യൂട്ടി പ്രസാദ്, ഫ്‌ളോറ ഗ്രൂപ്പ് ഹോട്ടല്‍ മുഹമ്മദ് റാഫി, ഫ്‌ളോറ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ & സി.ഇ.ഒ വി.എ ഹസ്സന്‍, ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലി, കാരാടന്‍ ഗ്രൂപ്പ് സി.എം.ഡി സുലൈമാന്‍ കാരാടന്‍, എം.വി.ആര്‍ പി.ആര്‍.എം, നിസാര്‍ മീരണ്ണന്‍ എന്നിവരാണ് രൂപരേഖ തയ്യാറാക്കിയത്. വിവിധ പ്രവാസി സംഘടനകള്‍, കോര്‍പ്പറേറ്റ് സ്ഥാപന മേധാവികള്‍, പ്രത്യേക ക്ഷണിതാക്കളുമായും പ്രതിനിധി സംഘം ചര്‍ച്ച നടത്തിയെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഷെവ: സി.ഇ ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി അഡ്വ: എം.കെ അയ്യപ്പന്‍, ഖജാഞ്ചി എം.വി കുഞ്ഞാമു, വൈസ് പ്രസിഡന്റ് പ്രഫ. ഫിലിപ്പ് കെ. ആന്റണി എന്നിവര്‍ പങ്കെടുത്തു.