ഗാന്ധി പ്രതിമ വണങ്ങി രാഹുല്‍ പാര്‍ലമെന്റില്‍; നാളെ അവിശ്വാസപ്രമേയ ചര്‍ച്ചയിലും ഭാഗമാകും

ഗാന്ധി പ്രതിമ വണങ്ങി രാഹുല്‍ പാര്‍ലമെന്റില്‍; നാളെ അവിശ്വാസപ്രമേയ ചര്‍ച്ചയിലും ഭാഗമാകും

ന്യൂഡല്‍ഹി: എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് കവാടത്തില്‍ വന്‍ സ്വീകരണമൊരുക്കി ‘ഇന്ത്യ’ എം.പിമാര്‍. രാഹുല്‍ പാര്‍ലമെന്റില്‍ മടങ്ങിയെത്തുന്നത് നാല് മാസത്തിന് ശേഷമാണ്. പ്രതിപക്ഷ എം.പിമാര്‍ ‘ഇന്ത്യ, ഇന്ത്യ’ മുദ്രാവാക്യം മുഴക്കിയാണ് രാഹുലിനെ സ്വീകരിച്ചത്. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ റോസാപുഷ്പം സമര്‍പ്പിച്ച് വണങ്ങിയാണ് രാഹുല്‍ പാര്‍ലമെന്റിലേക്ക് കടന്നത്.
സോണിയാ ഗാന്ധിക്കൊപ്പം രാഹുല്‍ 12 മണിക്ക് പാര്‍ലമെന്റിലേക്ക് എത്തിയെങ്കിലും സഭാ നടപടികള്‍ രണ്ട് മണിവരെ നിര്‍ത്തിവച്ചതിനാല്‍ ലോക്‌സഭയിലെത്തിയില്ല. നാളെ അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാഹുല്‍ ഭാഗമാകും. ലോക്‌സഭയില്‍ ഗൗരവ് ഗൊഗോയ് അവിശ്വാസപ്രമേയം അവതരിപ്പിച്ചുകഴിഞ്ഞാല്‍ രണ്ടാമത് സംസാരിക്കുക രാഹുല്‍ ഗാന്ധിയാകും. ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ട്വിറ്ററിലെ ബയോ തിരുത്തി. അയോഗ്യനാക്കപ്പെട്ട എം.പി എന്നതിന് പകരം പാര്‍ലമെന്റ് അംഗം എന്നാക്കിയാണ് മാറ്റിയത്.

അപകീര്‍ത്തിക്കേസില്‍ ആഗസ്റ്റ് നാലിനാണ് സുപ്രീംകോടതി രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *