സഹപാഠികൾ കൈകോർത്തു സഹോദരങ്ങൾക്ക് വീടായി

നടക്കാവ്: കോഴിക്കോട് വെസ്റ്റ് നടക്കാവ് പണിക്കർ റോഡിൽ ഒരു സെന്റ് സ്ഥലത്ത് താമസിക്കുന്ന സഹാദരങ്ങളായ അർച്ചനയുടെയും, ശ്രീജേഷ് മോന്റെയും പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീടാണ് സഹപാഠികളുടെ കൂട്ടായ്മയിലൂടെ നന്നാക്കികൊടുത്തത്.പറയുന്നതിലല്ല പ്രവർത്തിക്കുന്നതാണ് അക്കൗണ്ട് ചെയ്യപ്പെടുന്നതെന്നും, സൗഹൃദത്തിന്റെ പൂവിടലാണ് ഇവിടെ ദർശിക്കാനായതെന്നും മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ പറഞ്ഞു. കൂട്ടായ്മ എന്നത് പരസ്പരം പ്രകടിപ്പിക്കലാണ്. വളരെയധികം ഊർജ്ജസ്വലമായാണ് സഹപാഠികൾ ഇവരുടെ വീട് പുനർനിർമ്മിച്ച് നൽകിയതെന്നും, ഇതിനായി മുന്നിട്ടിറങ്ങിയവരെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.മാധ്യമ വാർത്ത കണ്ടാണ് തങ്ങളുടെ സഹപാഠി ഇത്രയും ശോചനീയമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് ഇവർ മനസ്സിലാക്കിയത്. ഒരുമാസം കൊണ്ടാണ് വീട് ഭംഗിയായി പുനർ നിർമ്മിച്ചത്. ടി.പി.എം.ഹാഷിർ അലി, കെ.വിനോദ് കുമാർ, വിപിൻ കുമാർ.കെ, കെ.കെ.സിദ്ധീഖ്, ഷാജു പ്രേംദേവ്, എ.എൻ.കെ.ജോർജ്ജ്, ഡോ.നവാസ് എന്നിവരും മറ്റ് സഹപാഠികളും ചേർന്നാണ് പുനർനിർമ്മാണത്തിനുള്ള പണം കണ്ടെത്തിയത്. വാർഡ് കൗൺസിലർ ഡോ.അൽഫോൺസ മാത്യു ചെയർപേഴ്‌സനും, ഹാഷിർ അലി ജനറൽ കൺവീനറും, കെ.വിനോദ് കുമാർ ട്രഷററുമായി കമ്മറ്റി രൂപീകരിക്കുകയും, പഞ്ചാബ് നാഷണൽ ബാങ്കിൽ എക്കൗണ്ടും തുടങ്ങിയിരുന്നു. ഗ്രാജ്വേറ്റ് സിവിൽ എൻജിനീയറിംഗ് അസോസിയേഷൻ (ഗ്രെയ്‌സ്) എന്ന സംഘടനയുടെ പ്രസിഡണ്ട് ചാർളി തോമസിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവൃത്തികൾ നടത്തിയത്. വർഷങ്ങൾക്ക് മുൻപ് അച്ഛനും അമ്മയും മരണപ്പെട്ടതോടുകൂടി ഒറ്റപ്പെട്ടുപോയ ഇവർ മാനസികമായും തളർന്നിരുന്നു. അവർക്ക് കൈതാങ്ങായാണ് കൂട്ടുകാർ എത്തിയത്. അർച്ചനയ്ക്കും, ശ്രീജേഷ്‌മോനും തുടർ ജീവിതത്തിലും ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ജനറൽ കൺവീനർ ടി.പി.എം.ഹാഷിർ അലി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *