എക്‌സൈസ് നയം പൊളിച്ചെഴുതുന്നു: ലക്ഷദ്വീപില്‍ മദ്യം വേണോ? പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടി സര്‍ക്കാര്‍

എക്‌സൈസ് നയം പൊളിച്ചെഴുതുന്നു: ലക്ഷദ്വീപില്‍ മദ്യം വേണോ? പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടി സര്‍ക്കാര്‍

പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍

കൊച്ചി: സമ്പൂര്‍ണ മദ്യനിരോധനമുള്ള ലക്ഷദ്വീപില്‍ നിലവിലുള്ള എക്സൈസ് റെഗുലേഷനില്‍ മാറ്റം വരുത്താനായി ഭരണകൂടം പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടി. ലക്ഷദ്വീപില്‍ എല്ലായിടത്തും സുലഭമായി മദ്യം ലഭ്യമാക്കാനുള്ള കരടുബില്ലിലാണ് സര്‍ക്കാര്‍ പൊതുജനങ്ങളലില്‍ നിന്ന് അഭിപ്രായം തേടിയത്. ഇതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ എക്സൈസ് റെഗുലേഷന്‍ 2022 എന്ന പേരില്‍ പുതിയ ഉത്തരവ് പുറത്തിറക്കി. 30 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഡോ. ആര്‍ ഗിരിശങ്കര്‍ കഴിഞ്ഞ മൂന്നിന് ഉത്തരവിറക്കിയത്.

ബില്‍ നിലവില്‍ വന്നാല്‍ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും എക്‌സൈസ് കമ്മീഷണറെ നിയമിക്കല്‍, എക്‌സൈസ് വകുപ്പ് രൂപവത്കരിക്കല്‍, മദ്യനിര്‍മാണം, സംഭരണം, വില്‍പ്പന എന്നിവയ്ക്ക് ലൈസന്‍സ് നല്‍കല്‍, നികുതിഘടന, വ്യാജമദ്യവില്‍പ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്.

പൂര്‍ണ മദ്യനിരോധനമുള്ള ലക്ഷദ്വീപില്‍ ജനവാസമില്ലാത്ത അഗത്തിയില്‍ നിന്ന് ഒന്‍പത് മൈല്‍ അകലെയുള്ള വിനോദ സഞ്ചാരത്തിന് പേരുകേട്ട ബങ്കാരം ദ്വീപില്‍ മാത്രമാണ് നിലവില്‍ നിയന്ത്രണത്തോടെ മദ്യം ലഭ്യമാകുന്നത്. അതും ടൂറിസ്റ്റുകള്‍ക്ക് മാത്രമാണ് ലഭിക്കുക. എന്നാല്‍ മുസ്‌ലിം സമുദായക്കാര്‍ മാത്രം താമസിക്കുന്ന ദ്വീപില്‍ ടൂറിസത്തിന്റെ പേരില്‍ മദ്യം സുലഭമാക്കാനൊരുങ്ങുന്ന ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവുമുയരുന്നുണ്ട്.
ദ്വീപിന്റെ സംസ്‌കാരം തകര്‍ക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്നും ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇത്രയുംകാലം മദ്യനിരോധനം തുടര്‍ന്ന ദ്വീപില്‍ മദ്യം കൊണ്ടുവരുന്നത് പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് എന്‍.എസ്.യു.ഐ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

ബില്ലിനെതിരേ പൊതുജനങ്ങള്‍ അഭിപ്രായങ്ങള്‍ [email protected] എന്ന വിലാത്തസത്തില്‍ അറിയിക്കണമെന്നും എന്‍.എസ്.യു.ഐ അഭ്യര്‍ത്ഥിച്ചു.
ബങ്കാരം ദ്വീപില്‍ കൂടാതെ കവരത്തി, മിനിക്കോയ്,കടമം റിസോര്‍ട്ടുകളില്‍ കൂടി 2021ല്‍ മദ്യം ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും ജനകീയ പ്രതിരോധം കാരണം നടന്നില്ല. എന്നാലിപ്പോള്‍ ദ്വീപില്‍ എല്ലായിടത്തും മദ്യം ലഭ്യമാക്കാനുള്ള ബില്ലിലാണ് അഭിപ്രായം തേടിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *