തലവടി: ജാതി-മത- രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ദേശത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണ് ജലോത്സവമെന്ന് തിരുപനയനൂര്‍കാവ്
ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന പ്രസ്താവിച്ചു. സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന ആനപ്രമ്പാല്‍ ജലോത്സവം സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂറ് പേരിലധികം കായികതാരങ്ങള്‍ ഒരുമിച്ച് ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിനുവേണ്ടി പോരാടുന്ന മറ്റൊരു സ്പോര്‍ട്സ് ഇനം വേറേ ഇല്ലെന്നും തലവടി ചുണ്ടന്റെ പ്രദര്ശനതുഴച്ചില് കാണുവാന്‍ തലവടി ഗ്രാമം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനപ്രമ്പാല്‍ ജലോത്സവം സമിതി ചെയര്മാന് ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ആദ്യ സംഭാവന കൊച്ചുതോട്ടക്കാട്ട് സോമനാഥന് പിള്ളയില്‍ നിന്നും ജനറല്‍ കണ്‍വീനര്‍ സുനില്‍ മൂലയില്‍ സ്വീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ്, പ്രിയ അരുണ്‍, കുട്ടനാട് സാംസ്കാരിക വേദി പ്രസിഡന്റ് പീയുഷ് പി.പ്രസന്നന്, സെക്രട്ടറി ജിനുകുമാര്‍ ശാസ്താംപറമ്പ്, വി.അരുണ്‍ പുന്നശ്ശേരി, തോമസ്കുട്ടി ചാലുങ്കല്‍, ഡോ:ജോണ്സന് വി.ഇടിക്കുള, മനോഹരന് വെറ്റിലകണ്ടം, വിന്‍സന്‍ പൊയ്യാലുമാലി, എം.ജി കൊച്ചുമോന്, തോമസുകുട്ടി, പി.കെ ഗോപിനാഥന്, ചെറിയാന് പൂവക്കാട്, സുനില്‍ സാഗര്‍ എന്നിവര്‍ പങ്കെടുത്തു. തലവടി കൊച്ചമ്മനം ജങ്ഷനില്‍ കുരിശടിക്ക് സമീപം ആണ് സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തിക്കുന്നത്.