കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കുടുംബ വിശുദ്ധീകരണ വര്‍ഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ വച്ച് സംഘടിപ്പിക്കപ്പെട്ട സന്യസ്ത സംഗമം വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ദൈവീക നന്മകള്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ദൈവ ഹൃദയ ഭാവത്തോടുകൂടി മനുഷ്യര്‍ക്ക് നന്മ ചെയ്യുന്നവര്‍ ആകണം എല്ലാം സന്യസ്തരുമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ഓര്‍മിപ്പിച്ചു. വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും നൂറുകണക്കിന് സന്യസ്തര്‍ പ്രസ്തുത സംഗമത്തില്‍ പങ്കെടുത്തു.
ഇന്നത്തെ ലോകത്തില്‍ സന്യസ്തരുടെ സേവന പങ്കിനെ കുറിച്ച് ഫാ. വിന്‍സെന്റ് വാരിയത്ത് ക്ലാസ് നയിച്ചു. തുടര്‍ന്ന് ഇന്നും സംഘര്‍ഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടിയുള്ള സമാധാന പ്രമേയം യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു പ്രസ്തുത പ്രമേയത്തില്‍ മണിപ്പൂരില്‍ ശാശ്വത സമാധാനം ഉടനടി സ്ഥാപിക്കപ്പെടാനും അതിനാവശ്യമായി എത്രയും വേഗം രാഷ്ട്രപതിഭരണം മണിപ്പൂരില്‍ സ്ഥാപിക്കപ്പെടാനും സന്യസ്ത സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തപ്പെട്ട ചര്‍ച്ചകള്‍ക്ക് മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യല്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ നേതൃത്വം നല്‍കി. സമര്‍പ്പണത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയായ വരെയും ഉന്നത അക്കാദമിക പുരസ്‌കാരങ്ങള്‍ ലഭിച്ചവരെയും യോഗം ആദരിച്ചു. തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യ ആരാധനയോടെ അതിരൂപത സന്യാസ സംഗമം സമാപിച്ചു. വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍ മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ.എബി ജിന്‍ അറക്കല്‍, ഫാ. ആന്റണി പൊന്‍വേലി ഒ.സി.ഡി, ഫാ. ഷിബു ഡേവിസ് എസ്.ഡി.ബി, ഫാ. മൈക്കിള്‍ ഡിക്രൂസ്, സി. മാര്‍ഗരറ്റ് സി.ടി.സി.സി ബിജി ഒ.എസ്.എ.സി, ലിസി എഫ്.എം.എം, സി. ഷൈന്‍ ബ്രിജിറ്റ് സി.എസ്.എസ്.ടി എന്നിവര്‍ പ്രസംഗിച്ചു.