ഹൈദരാബാദ്: പ്രശസ്ത വിപ്ലവ നാടോടി ഗായകന്‍ ഗദ്ദര്‍ (74) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ പത്തു ദിവസമായി ഇദ്ദേഹം ആശുപത്രിയിലാണ്. രണ്ട് ദിവസം മുമ്പ് ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ വിപ്ലവ ഗായകന്‍, കവി എന്ന നിലയില്‍ ഏറെ പ്രശസ്തനായ വ്യക്തിയാണ് ഗദ്ദര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുമ്മാഡി വിത്തല്‍ റാവു. ഹൈദരാബാദിനടുത്ത തൂപ്രാന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ഇദ്ദേഹം ഏറെനാള്‍ ബാങ്കില്‍ ജോലി ചെയ്തു. സജീവ നക്സലൈറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1980-കളില്‍ ഒളിവുജീവിതം നയിച്ചിട്ടുണ്ട്.
സി.പി.ഐ. (മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ്) അംഗമായിരുന്നു ഗദ്ദാര്‍. സി.പി.ഐ.(എം.എല്‍) സാംസ്‌കാരിക വിഭാഗമായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. ചില സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. വിമലയാണ് ഭാര്യ. മക്കള്‍: സൂര്യ, വെണ്ണില.
2022-ല്‍ കെ.എ. പോളിന്റെ പ്രജാശാന്തി പാര്‍ട്ടിയില്‍ അംഗത്വമെടുത്ത അദ്ദേഹം, കഴിഞ്ഞ മാസമാണ് ‘ഗദ്ദര്‍ പ്രജാ പാര്‍ട്ടി’ എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന അദ്ദേഹം 2018 ലെ തെലങ്കാന നിയമസബാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പക്ഷത്തായിരുന്നു.
1997 ല്‍ നടന്ന വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് ഗദ്ദാര്‍. ശരീരത്തില്‍ തറച്ച ആറ് വെടിയുണ്ടകളില്‍ അഞ്ചെണ്ണം നീക്കം ചെയ്തുവെങ്കിലും നട്ടെല്ലില്‍ തുളച്ചുകയറിയ വെടിയുണ്ട നീക്കം ചെയ്തിരുന്നില്ല. ഇതുമായാണ് തുടര്‍ന്ന് അദ്ദേഹം ജീവിച്ചത്.