കോഴിക്കോട്: എം.ടി. മലയാളത്തിലെ സർഗ്ഗാത്മക മഹാത്ഭുതമാണെന്ന് പ്രൊഫ.കെ.ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു. എം.ടിക്ക് നവതി പ്രണാമവും, പി.ജെ.ഈപ്പൻ രചിച്ച ‘ഗുരുദക്ഷിണ’ പുസ്തക പ്രകാശനവും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കടലാസും പേനയുമായിരുന്നു എം.ടിക്ക് കുട്ടിക്കാല കൂട്ട്. പത്രാധിപരായിരിക്കുന്ന കാലത്ത് അദ്ദേഹമർപ്പിച്ച സേവനം പരിശോധിക്കുമ്പോൾ അമ്പരിപ്പിച്ച പത്രാധിപരായിരുന്നു അദ്ദേഹം. സർഗ്ഗാത്മക വായനയും, എഴുത്തും അദ്ദേഹം സന്നിവേശിപ്പിച്ചു. പരിമിതമായ ജീവിതത്തെ അപരിമിതമായ ജീവിതത്തിലേക്ക് എടുത്ത് വെക്കുന്നത് വായനയാണ്. യാന്ത്രികതയുടെ മടുപ്പിൽ നിന്ന് പുറത്ത് കടക്കാൻ മനുഷ്യൻ നടത്തുന്ന പ്രവർത്തനമാണ് സർഗ്ഗാത്മക പ്രവർത്തനം. വായനയുടെ ലോകത്ത് പരോക്ഷ സാങ്കൽപ്പിക അനുഭവങ്ങളുടെ ലോകം ലഭിക്കും. എഴുത്ത് അപര ജീവിതം അടയാളപ്പെടുത്താൻ വഴിയൊരുക്കും. വർത്തമാന കാല സംഘർഷ വാർത്തകളുടെ കാലത്ത് എം.ടിയുടെ രചനകളുടെ വായന ആശ്വാസമാണെന്നദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അഡ്വ.മഞ്ചേരി സുന്ദർരാജ് അദ്ധ്യക്ഷത വഹിച്ചു.