സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ വനിതാ സൂപ്പര്‍ താരം പി.വി സിന്ധു പുറത്ത്. സിഡ്നിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അമേരിക്കന്‍ താരം ബെയ്വെന്‍ ഷാങ്ങിനോട് 12-21, 17-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.
മത്സരത്തിലുടനീളം സിന്ധുവിനെ പിന്നിലാക്കിയുളള പ്രകടനമാണ് ബെയ്വെന്‍ കാഴ്ചവച്ചത്. ആദ്യ ഗെയിമില്‍ തന്നെ പി.വി സിന്ധുവിനെതിരേ ബെയ്വെന്‍ ഷാങ് ആധിപത്യം സ്ഥാപിച്ചിരുന്നു. രണ്ടാം ഗെയിമില്‍ മെച്ചപ്പെട്ട പ്രകടനത്തോടെ സിന്ധു തിരികെ വരാന്‍ ശ്രമിച്ചെങ്കിലും നിര്‍ണായക നിമിഷങ്ങളില്‍ മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല. 2020 ന് ശേഷം ഇതാദ്യമായാണ് സിന്ധുവും ബെയ്വെന്‍ ഷാങും നേര്‍ക്ക് നേര്‍ക്ക് ഏറ്റുമുട്ടുന്നത്.
2023 സീസണിലെ സിന്ധുവിന്റെ പ്രകടനങ്ങള്‍ എല്ലാം തന്നെ താരത്തിന്റെ പതിവ് നിലവാരത്തില്‍ നിന്ന് വളരെ താഴെയാണ്. ജൂലൈയില്‍ നടന്ന ജപ്പാന്‍ ഓപ്പണ്‍ ഉള്‍പ്പെടെ ഈ വര്‍ഷം ഏഴ് ടൂര്‍ണമെന്റുകളില്‍ ആദ്യ റൗണ്ടില്‍ തന്നെ സിന്ധു പുറത്തായിരുന്നു. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ദക്ഷിണ കൊറിയന്‍ കോച്ച് പാര്‍ക്ക് ടെ-സാങ്ങുമായി സിന്ധു തെറ്റിപ്പിരിഞ്ഞതും ഈ വര്‍ഷമായിരുന്നു. പിന്നാലെ, മുന്‍ മലേഷ്യന്‍ ബാഡ്മിന്റണ്‍ താരം മുഹമ്മദ് ഹാഫിസ് ഹാഷിമിനെ തന്റെ പുതിയ പരിശീലകനായി സിന്ധു പ്രഖ്യാപിച്ചു.