എന്‍.ഐ.ടി കാലിക്കറ്റില്‍ പുതിയ അക്കാദമിക് ബ്ലോക്ക് വരുന്നു

എന്‍.ഐ.ടി കാലിക്കറ്റില്‍ പുതിയ അക്കാദമിക് ബ്ലോക്ക് വരുന്നു

കോഴിക്കോട്: ക്യാമ്പസില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച അടിസ്ഥാനസൗകര്യം ഒരുക്കാന്‍ ഒരുങ്ങുകയാണ് എന്‍.ഐ.ടി കാലിക്കറ്റ്. 37.2 കോടി രൂപയുടെ ഒരു അക്കാദമിക് ബ്ലോക്ക് ആണ് സ്ഥാപനത്തില്‍ നിലവില്‍ വരുന്നത്. ദേശീയ വിദ്യാഭ്യാസനയം 2020ന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിലവില്‍വരുന്നത്.

പുതിയ ബിരുദ-ബിരുദാനന്തര- ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ആരംഭിക്കുകയും അതുപോലെ നിലവിലുള്ള സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തുകയുംചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വര്‍ഷം മുതല്‍ പുതിയ ബിരുദാനന്തര പ്രോഗ്രാമുകളും ഇന്റഗ്രേറ്റഡ് ബിഎസ്‌സി-ബിഎഡ് പ്രോഗ്രാമുകളും എന്‍.ഐ.ടി.സിയില്‍ ആരംഭിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ആവശ്യമായ ആധുനികസൗകര്യങ്ങളും ക്ലാസ്മുറികളും ഒരുക്കാന്‍ വന്‍തോതില്‍ ഉള്ള അടിസ്ഥാന സൗകര്യവികസനമാണ്ഇന്‍സ്റ്റിറ്റ്യൂട്ട് ആസൂത്രണം ചെയ്യുന്നതെന്ന് എന്‍.ഐ.ടി.സി ഡയറക്ടര്‍ പ്രൊ. പ്രസാദ്കൃഷ്ണ പറഞ്ഞു. 285 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ക്യാമ്പസില്‍ വരുന്ന എല്ലാ വികസന പദ്ധതികളും മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായിനിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കില്‍ 21 ക്ലാസ് മുറികളും അധ്യാപകര്‍ക്കായുള്ള 42 സിംഗിള്‍ റൂമുകളും 21 ഡബിള്‍ റൂമുകളും ഉണ്ടാകും. ഇതുകൂടാതെ ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യവും പുതിയ ബ്ലോക്കില്‍ സ്ഥാപിക്കും. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇ.ഡബ്ല്യു.എസ് (സാമ്പത്തിക ദുര്‍ബലവിഭാഗം) പദ്ധതിപ്രകാരം ആണ് അക്കാദമിക് ബ്ലോക്കിനുള്ള 37.2 കോടിരൂപ അനുവദിച്ചിരിക്കുന്നത് എന്ന് പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം ഡീന്‍ ആയ ഡോ. പ്രിയചന്ദ്രന്‍ പറഞ്ഞു. 2024 ഡിസംബറില്‍ പണിപൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

പദ്ധതിപ്രകാരം 9073 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഏഴ് നിലകളിലായാണ് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ക്ലാസ് മുറികള്‍ക്കും ഫാക്കല്‍റ്റി റൂമുകള്‍ക്കും പുറമേ 21 ലബോറട്ടറികളും ഈ കെട്ടിടത്തില്‍ ഉണ്ടാകും. അക്കാദമിക്‌ബ്ലോക്കിന് രണ്ട് ലിഫ്റ്റുകളും രണ്ട്പ്രധാന സ്റ്റെയര്‍കേസുകളും ഫയര്‍ എസ്‌കേപ്പ്‌സ്റ്റെയര്‍വേയും ഉണ്ടായിരിക്കുമെന്നും ഭിന്നശേഷി സൗഹൃദ മാതൃകയിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക എന്നും എന്‍.ഐ.ടി കാലിക്കറ്റ് എന്‍ജിനീയറിങ് യൂണിറ്റ് സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ ചുമതലവഹിക്കുന്ന സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറായ ഡോ. സജിത്ത് എ.എസ്. പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നും നിര്‍മ്മാണം പ്രാരംഭഘട്ടത്തില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *