തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ ഗതാഗത തടസ്സം നിത്യസംഭവം; തകഴിയില്‍ മേല്‍പാലം നിര്‍മ്മിക്കണം: എടത്വാ വികസന സമിതി

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ ഗതാഗത തടസ്സം നിത്യസംഭവം; തകഴിയില്‍ മേല്‍പാലം നിര്‍മ്മിക്കണം: എടത്വാ വികസന സമിതി

എടത്വ: തകഴി ലെവല്‍ ക്രോസില്‍ മേല്‍പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ തകഴി റെയില്‍വേ ഗേറ്റിന് സമീപം നില്‍പ്പ് സമരം നടത്തി. സമിതി സീനിയര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അഡ്വ. പി.കെ സദാനന്ദന്‍ മുഖ്യ സന്ദേശം നല്‍കി.

രക്ഷാധികാരി കുഞ്ഞുമോന്‍ പട്ടത്താനം, വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ കമ്മിറ്റി സെക്രട്ടറി ഫിലിപ്പ് ചെറിയാന്‍ വില്ലേജ്മാള്‍, സമിതി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഐസക്ക് രാജു, പി.ഡി രമേശ് കുമാര്‍, സൗഹൃദ വേദി കോര്‍ഡിനേറ്റര്‍ സാം വി.മാത്യു, അജി കോശി, ജോര്‍ജ്കുട്ടി തോട്ടുകടവില്‍, പി.വി.എന്‍ മേനോന്‍, ബാബു കണ്ണന്തറ, എ.ജെ കുഞ്ഞുമോന്‍, ജോര്‍ജ്കുട്ടി പുഞ്ചായില്‍, ഷാജി ആനന്ദാലയം, ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള എന്നിവര്‍ പ്രസംഗിച്ചു.

ഇരട്ടപാത വന്നതോടെ കൂടുതല്‍ സമയം ഗേറ്റ് അടച്ചിടുന്നതിനാല്‍ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയില്‍വേ ക്രോസില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഹരിപ്പാട് ഭാഗത്ത് നിന്നുള്ള ട്രെയിന്‍ പോയാലും അമ്പലപ്പുഴ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്ന ട്രെയിന്‍ കൂടി പോയാല്‍ മാത്രമാണ് ഗേറ്റ് തുറക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും നൂറ്റമ്പതിലധികം ബസുകള്‍ ഈ വഴി രാവിലെ 5.30 മുതല്‍ ട്രിപ്പുകള്‍ നടത്തുന്നുണ്ട്. ‘ലെവല്‍ ക്രോസ് മുക്ത കേരളം’ പദ്ധതിയിലൂടെ തകഴിയില്‍ ലെവല്‍ക്രോസ് ഒഴിവാക്കി മേല്‍പാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിന് സമീപത്തെ റെയില്‍വേ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞുകിടക്കുന്നതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്. അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ തകഴിയില്‍ നിന്നാണ് അഗ്നി രക്ഷാപ്രവര്‍ത്തകര്‍ എത്തേണ്ടത്. അഗ്നിരക്ഷാ വാഹനങ്ങളും ഈ കുരുക്കില്‍പെടുന്നു. പുറക്കാട് സ്മൃതി വനത്തിലെ പുല്‍ത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോള്‍ അഗ്നി രക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കില്‍ കിടക്കേണ്ടി വന്നു.

ഈ കാരണങ്ങള്‍ എല്ലാം കണക്കിലെടുത്ത് ഇതിലെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ തകഴിയില്‍ മേല്‍പാലം പണിയാന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ എടത്വ വികസന സമിതി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *