കോഴിക്കോട്: അവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ അധ്യാപകന്‍ മാത്രമല്ല വിദ്യാഭ്യാസവും ദുര്‍ബലപ്പെടുകയാണെന്ന പ്രമേയത്തിന്റെ ഭാഗമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് ജില്ലാ കേന്ദ്രങ്ങളില്‍ സമരജ്വാല സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറിമാരായ വഹീദ ജാസ്മിന്‍, പി. ഹബീബ് മാലിക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചിന് (ശനി), രാവിലെ 10 മണിക്ക് ഡി.ഡി ഓഫിസിന് മുന്‍പില്‍ സമരജ്വാല കത്തിക്കുകയും അവകാശപത്രിക സമര്‍പ്പിക്കുകയും ചെയ്യും.
ജസ്റ്റിസ് സതീഷ് ബാബു കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണം ലീവ് സറണ്ടര്‍ കുടിശ്ശിക ഉടന്‍ നല്‍കുക, മെഡിസെപ് ഓപ്ഷണലാക്കുക, പകുതി പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുക, പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന ലയനനീക്കം ഉപേക്ഷിക്കുക, പ്രൈമറിക്ക് പ്രത്യേകം ഡയറക്ടറേറ്റ് സ്ഥാപിക്കുക, എല്ലാ വര്‍ഷവും ജൂലൈ 15ന് ഫിക്‌സേഷന്‍ നടത്തുക, പുതിയ തസ്തികകള്‍ക്ക് അംഗീകാരം നല്‍കുക, ഭിന്നശേഷി അധ്യാപക ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തിറക്കുക, ടെസ്റ്റ് ക്വാളിഫൈഡ് അധ്യാപകര്‍ക്ക് മാത്രം സ്ഥാപനമേധാവിയായി സ്ഥാനക്കയറ്റം നല്‍കുക, മുഴുവന്‍ സ്‌കൂളിലും കായികാധ്യാപകരുള്‍പ്പെടെ സ്‌പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ തള്ളികളയുക, മാനവിക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പഠ്യപദ്ധതി പരിഷ്‌കരിക്കുക, അഞ്ച് വര്‍ഷം പൂര്‍ത്തിയായ HSST ജൂനിയര്‍ അധ്യാപകരെ സീനിയറാക്കുക.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ വാഹിദ ജാസ്മിന്‍, പി. ഹബീബ് മാലിക്, സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വി.മുഹമ്മദ് ശരീഫ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് നൂഹ് ചേളന്നൂര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ സഫറുള്ള, ശഫീഖ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.