ഇംഫാല്‍: വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 35 കുകി ഗോത്ര വിഭാഗക്കാരുടെ സംസ്‌കാരം തടഞ്ഞ് മണിപ്പൂര്‍ ഹൈക്കോടതി. ശവസംസ്‌കാരം തല്‍ക്കാലം നടത്തേണ്ടെന്നും തല്‍സ്ഥിതി തുടരാനുമാണ് കോടതി ഉത്തരവ്. കേന്ദ്ര ആഭ്യന്തമന്ത്രാലയത്തിന്റെ ഉറപ്പിന്‍മേല്‍ കൂട്ട ശവസംസ്‌കാരം നിര്‍ത്തിവയ്ക്കുകയാണെന്ന് കുകി നേതാക്കള്‍ അറിയിച്ചു.
മെയ് മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 120ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 35 കുകികളുടെ മൃതദേഹമാണ് കൂട്ടത്തോടെ സംസ്‌കരിക്കാന്‍ ഗോത്ര സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) തീരുമാനിച്ചത്. ഇതിനെതിരെ മെയ്തി വിഭാഗക്കാരാണ് കോടതിയെ സമീപിച്ചത്. ഇന്ന് 11 മണിക്ക് കൂട്ട ശവസംസ്‌കാരം നിശ്ചയിച്ച സാഹചര്യത്തില്‍ മണിപ്പൂര്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി മുരളീധരന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, പുലര്‍ച്ചെ അറ് മണിക്ക് വാദം കേള്‍ക്കുകയായിരുന്നു. പ്രദേശത്ത് ഇന്നലെ മുതല്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇന്ന് സംസ്‌കാരം നടത്തുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു മെയ്തി വിഭാഗം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ ജില്ലാ അതിര്‍ത്തിയിലേക്ക് അധിക സുരക്ഷാ സേനയെ എത്തിച്ചു. ചുരാചന്ദ്പൂരിലെ ഹവോലായ് ഖോപി ഗ്രാമത്തിലെ നിര്‍ദിഷ്ട ശ്മശാന സ്ഥലത്ത് തത്സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു. കുക്കി വിഭാഗക്കാര്‍ക്ക് ശ്മശാനത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തി അപേക്ഷ നല്‍കാമെന്ന് കോടതി വ്യക്തമാക്കി. മേഖലയില്‍ സമാധാനം ഉറപ്പാക്കണമെന്ന് സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. അഞ്ച് ദിവസത്തേക്കാണ് മൃതദേഹങ്ങളുടെ കൂട്ട സംസ്‌കാരം തടഞ്ഞത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.