ആര്‍ക്കും വേണ്ടാതായ ധര്‍മ്മടം പഴയപാലം

ആര്‍ക്കും വേണ്ടാതായ ധര്‍മ്മടം പഴയപാലം

ചാലക്കര പുരുഷു

തലശ്ശേരി: പുതിയ പാലം തുറന്ന് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും, പഴയപാലം നടുവൊടിഞ്ഞ് പുഴയില്‍ കൂപ്പ് കുത്തിയിട്ടും പൊളിച്ചുമാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. 2012 ലാണ് ദേശീയ പാതയോരത്തുള്ള പാലത്തിന്റെ മധ്യഭാഗത്ത് പൊടുന്നനെ വിള്ളല്‍ പ്രത്യക്ഷപ്പെട്ട് പുഴയിലേക്ക്തൂങ്ങിയത്. അടിത്തൂണുകളില്‍ ഒന്ന് പുഴയില്‍ താഴ്ന്ന് പോയതിനാല്‍തൂക്കുപാലം കണക്കെ അന്ന് മുതല്‍ പാലത്തിന്റെ സ്ലാബുകള്‍ വെള്ളത്തിലേക്ക് തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ നില്‍പ്പാണിപ്പോള്‍. തീര്‍ത്തും അറ്റുവേര്‍പെടാത്ത പാലത്തിലൂടെ ദേശവാസികള്‍ വഴി നടക്കുന്നതും സാഹസിക യാത്രികര്‍ ഇരുചക്രവാഹനമോടിച്ചു പോവുന്നതും കാണാം. ധര്‍മ്മടം പുഴയില്‍ 1940 ലാണ് ബ്രിട്ടിഷുകാര്‍ പാലം പണിതത്. 82 മീറ്റര്‍ നീളവും 5.40 മീറ്റര്‍ വീതിയിലുമായിരുന്നു നിര്‍മ്മാണം. വാഹനഗതാഗതം കൂടിയതും കാലപഴക്കവും കാരണം പാലത്തിന് ബലക്ഷയം വന്നു. ദൃഢപ്പെടുത്താന്‍ 1986ലും 1998ലും അറ്റകുറ്റപണി നടത്തി. ഇതില്‍ പിന്നീടും പ്രശ്‌നങ്ങള്‍ നേരിട്ടതോടെ 2001 ല്‍ മുംബെയിലെ ഗില്‍ക്കോണ്‍ കണ്‍സള്‍ട്ടന്‍സി ഉറപ്പ് പരിശോധിച്ചു. ഇവര്‍ നടത്തിയ പഠനത്തില്‍ തൂണുകളില്‍ ചിലത് താഴ്ന്നതായും വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ പാലത്തിന് അസാധാരണ കുലുക്കം അനുഭവപ്പെടുന്നതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആയുസിന്റെ കാര്യത്തില്‍ സംശയമുള്ളതിനാല്‍ 2007 ല്‍ സമീപത്ത് പുതിയ പാലം പണിയുകയായിരുന്നു. പാലത്തിനടുത്ത്നിന്നും അനിയന്ത്രിതമായി മണല്‍ വാരിക്കടത്തിയതിനാലാണ് തൂണുകളിലൊന്ന് താഴ്ന്നു പോയതെന്ന് പറയപ്പെടുന്നു. ഏത് നിമിഷവും പൂര്‍ണ്ണമായി പൊട്ടി വീഴുമെന്ന നിലയില്‍ പുഴയ്ക്ക് കുറുകെ താഴ്ന്നു നില്‍ക്കുന്ന പാലം ജല ഗതാഗതത്തിനും കടുത്ത ഭീഷണിയായി. ഉടന്‍ പൊളിച്ചു മാറ്റണമെന്ന് നാട്ടുകാരും മത്സ്യതൊഴിലാളികളും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വിഭാഗം ഇന്നേ വരെ പ്രതികരിച്ചില്ല. പൊളിച്ചുമാറ്റാന്‍ വകുപ്പില്ലെന്നും, തനിയെ വീഴുന്നെങ്കില്‍ വീണോട്ടെ എന്നുമാണ് ബന്ധപ്പെട്ടവരുടെ നിലപാട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *