താനൂർ കസ്റ്റഡി മരണം; എട്ട് പോലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു

താനൂർ കസ്റ്റഡി മരണം; എട്ട് പോലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്‌ ഐ കൃഷ്ണലാൽ, പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റേഞ്ച് ഡിഐജിയാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് കേസിൽ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി എന്നയാൾ മരിച്ചത്. പിന്നാലെ കസ്റ്റഡി മർദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് പ്രതിഷേധമുയർന്നു. എന്നാൽ താമിർ ജിഫ്രി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.

അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനാണ് ചുമതല. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പി മൊയ്തീൻ കുട്ടിക്ക് മേൽനോട്ട ചുമതലയും നൽകി.

അതേസമയം യുവാവിന് മർദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. താമിർ ജിഫ്രിയുടെ പുറത്ത് മർദ്ദനമേറ്റ പാടുകളുണ്ട്. ആമാശയത്തിൽ ക്രിസ്റ്റൽ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലം പുറത്തുവന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ.

Share

Leave a Reply

Your email address will not be published. Required fields are marked *