കോഴിക്കോട്: 2009 മുതല്‍ വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ട ഖത്തര്‍ വിപണിയിലെ ഇന്ത്യന്‍ നിക്ഷേപകരെ അവരുടെ നഷ്ടം അഭിമുഖീകരിച്ച കമ്പനിയുടെ സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഖത്തര്‍ പോലിസ് വേട്ടയാടുന്നതായി ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ്. ഇത് സംബന്ധിച്ച് പരാതി ഖത്തര്‍ എംബസിയേയും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതായും ഇതോടൊപ്പം സുപ്രിംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയതായും സംഘടന പ്രസിഡന്റ ആര്‍.ജെ സജിത്ത് ഇന്ന് രാവിലെ പത്രസമ്മേളത്തില്‍ പറഞ്ഞു.
1999 ഏപ്രില്‍ ഏഴിന് ഖത്തറുമായി ഇന്ത്യ ഗവ. നിക്ഷേപ സുരക്ഷാ കരാര്‍ ഒപ്പുവച്ചിരുന്നു. ഖത്തറിലെ 2001 ലെ 58ാം നമ്പര്‍ നിയമമായി ഈ കരാര്‍ ഇന്നും നിലവിലുണ്ട്. എന്നാല്‍, ഈ കരാറിലെ എട്ടാം അനുച്ഛേദ പ്രകാരം ഖത്തര്‍ എന്ന രാജ്യത്തിന് ഏകപക്ഷീയമായി ഇന്ത്യന്‍ നിക്ഷേപകന് മേല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ പരാതിയായി അറിയിച്ചിട്ടും എംബസിയുടെ അവഗണന കാരണം ഫലം കാണാറില്ല. ഖത്തറിന്റെ നിയമത്തോട് എതിര്‍ക്കാന്‍ പ്രാപ്തിയില്ലെന്നാണ് എംബസിയുടെ വിശദീകരണം. ഖത്തറില്‍ നിലവില്‍ 500 ഓളം മലയാളികളടക്കം ഇന്ത്യക്കാരാണ് പോലിസിന്റെ വേട്ടയാടലില്‍ ജയിലില്‍ കഴിയുന്നത്.
2019 ആഗസ്റ്റ് 10ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 53 പാകിസ്താനികളെ ഖത്തര്‍ മോചിപ്പിച്ചിരുന്നു. 2022 ഏപ്രില്‍ 17 ന് ഖത്തര്‍ – ഇറാന്‍ കരാര്‍ പ്രകാരം 28 ഇറാനിയന്‍കാരെ മോചിപ്പിച്ചു. നിയമ വശം അറിയാതെ ഇന്ത്യക്കാര്‍ ഖത്തര്‍ ജയിലില്‍ കഴിയുന്നു. വിദേശകാര്യ മന്ത്രാലയവും തെക്കേ ഇന്ത്യയിലെ എം പി മാരും സംയുക്ത യോഗം ചേരാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാറിനെ പ്രതി ചേര്‍ത്ത് സുപ്രിംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയതായും സംഘടന ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ് പ്രസിഡന്റ് ആര്‍.ജെ സജിത്ത്, ജനറല്‍ സെക്രട്ടറി ആസിഫ് അഷ്ഹല്‍, ഐ.പി.എം കേരള ചാപ്റ്റര്‍ പ്രസിഡന്റ് കെ.എം രജി, രക്ഷാധികാരി വിനോദ് ചെറുവണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.