ന്യൂഡൽഹി: 2023 ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. 23 വയസ്സിൽ താഴെയുള്ള താരങ്ങൾക്കാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാകുക. അതിൽ മൂന്ന് താരങ്ങൾക്ക് വയസ്സിളവ് ലഭിക്കും.
ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, പ്രതിരോധതാരം സന്ദേശ് ജിംഗാൻ, ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു എന്നിവർ ടീമിലിടം നേടി. ഇവരെ കളിപ്പിച്ചേക്കില്ല എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ചൈന, ബംഗ്ലാദേശ്, മ്യാൻമാർ എന്നീ ടീമുകൾ അണിനിരക്കുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്.
ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ട് സ്ഥാനങ്ങളിൽ വരുന്ന ഇനങ്ങളിൽ മാത്രം ഗെയിംസിൽ പങ്കെടുത്താൽ മതിയെന്ന നിബന്ധനയിൽ ഇളവ് നൽകിയാണ് ഇന്ത്യൻ പുരുഷ – വനിതാ ടീമുകളെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ കേന്ദ്ര കായിക മന്ത്രാലയം അനുവദിച്ചത്.
മികച്ച ഫോമിലുള്ള ഇന്ത്യൻ ടീമുകളെ ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കണം എന്നാവശ്യപ്പെട്ട് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുറിനും കത്തെഴുതിയിരുന്നു.
ടീം അംഗങ്ങൾ
- ഗോൾകീപ്പർമാർ- ഗുർപ്രീത് സിങ് സന്ധു, ഗുർമീത് സിങ്, ധീരജ് സിങ്.
- പ്രതിരോധതാരങ്ങൾ-സന്ദേശ് ജിംഗൻ, അൻവർ അലി, നരേന്ദർ ഗെഹ്ലോട്ട്, ലാൽചുൻഗ്നുൻഗ, ആകാശ് മിശ്ര, റോഷൻ സിങ്, ആശിഷ് റായ്.
- മിഡ്ഫീൽഡർമാർ – ജീക്‌സൺ സിങ്, സുരേഷ് സിങ്, അപൂയിയ, അമർജിത് സിങ്, രാഹുൽ കെ.പി, മഹേഷ് സിങ്
- മുന്നേറ്റതാരങ്ങൾ- ശിവശക്തി നാരായൺ, റഹിം അലി, അനികേത് യാദവ്, വിക്രം പ്രതാപ് സിങ്, രോഹിത് ദാനു, സുനിൽ ഛേത്രി.