വംശീയ ധ്രുവീകരണത്തിനെതിരേ ജാഗ്രത പുലര്‍ത്തണം: കെ.ഇ.എന്‍

വംശീയ ധ്രുവീകരണത്തിനെതിരേ ജാഗ്രത പുലര്‍ത്തണം: കെ.ഇ.എന്‍

കോഴിക്കോട്: വംശീയതയും വര്‍ഗീയതയും നിരന്തരം പ്രചരിപ്പിച്ചുകൊണ്ട് സംഘപരിവാര്‍ കേരളീയ സമൂഹത്തിലും സാമുദായിക ചേരിതിരുവുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ആഗോള പ്രവാസികളുള്‍പ്പെടെയുള്ള ജനാധിപത്യ മതനിരപേക്ഷ സമൂഹം സാംസ്‌കാരികമായി ചെറുത്തു തോല്‍പ്പിക്കണമെന്ന് പ്രൊഫ: കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ഇതിനായി കലയും സാഹിത്യവും സംഗീതവുമെല്ലാം ഉപയോഗപ്പെടുത്തണം. ജനങ്ങളാകെ സമാധാനസേനകളായി മാറണം. മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള പ്രവാസി സംഘം കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരില്‍ നടക്കുന്നത് ഗുജറാത്തിന് സമാനമായ വംശഹത്യയാണ്. ഇതിന് നേതൃത്വം കൊടുക്കുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണ്. ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാരുകള്‍ തന്നെ അവരെ കൊന്നൊടുക്കുന്നതിന് നേതൃത്വം നല്‍കുകയാണ്. സമാനതകളില്ലാത്ത ക്രൂരതയാണ് സ്ത്രീകളുള്‍പ്പെടെയുള്ള ഗോത്രസമൂഹത്തിന് നേരെ നടക്കുന്നത്. കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരുകള്‍ ഇടപെടുന്നുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. രാവിലെ 10 മണിയോടെ മുതലക്കുളത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവാസിസംഘം പ്രവര്‍ത്തകര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഒത്തുചേര്‍ന്നു. പ്രവാസി സംഘം സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി, വൈ. പ്രസിഡന്റ് ഷാഫിജ പുലാക്കല്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി സി.വി ഇഖ്ബാല്‍ സ്വാഗതവും ട്രഷറര്‍ എം. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മഞ്ഞക്കുളം നാരായണന്‍, സലിം മണാട്ട്, ജില്ലാ ജോ. സെക്രട്ടറിമാരായ ഷിജിത്ത് ടി.പി, ഷംസീര്‍ കാവില്‍, വൈ. പ്രസിഡണ്ടുമാരായ കെ.കെ ശങ്കരന്‍, പേരോത്ത് പ്രകാശന്‍, വനിതാവേദി പ്രസിഡന്റ് സൈനബ സലിം എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *